കോൽക്കത്ത: വലത് തീവ്രവാദികളുടെ ഭീഷണിയെത്തുടർന്ന് ബീഫ് ഫെസ്റ്റിവൽ ബീപ് ഫെസ്റ്റിവലായി. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കോൽക്കത്തയിലാണ് സംഭവം. സെൻട്രൽ കോൽക്കത്തയിലെ സദർ സ്ട്രീറ്റിൽ ജൂണ്‍ 23 മുതൽ ആരംഭിക്കുന്ന ബീഫ് ഫെസ്റ്റിവലിനു നേരെയാണ് വലത് തീവ്രവാദികളുടെ ആക്രമണം ഉണ്ടായത്.
ഇൻറർനെറ്റിലൂടെ പരിപാടി പ്രചരിപ്പിക്കുന്നതിനു ശ്രമിച്ചപ്പോഴാണ് ആക്രമണം ആരംഭിച്ചതെന്ന് സംഘാടകർ പറയുന്നു. വധ ഭീഷണിവരെ ഉണ്ടായെന്ന് ഇവർ കൂട്ടിച്ചേർത്തു. ഇതോടെ പരിപാടിയുടെ പേര് മാറ്റാൻ സംഘാടകർ തയാറായി. കോൽക്കത്ത ബീഫ് ഫെസ്റ്റിവൽ എന്നത് കോൽക്കത്ത ബീപ് ഫെസ്റ്റിവൽ എന്ന് പേരുമാറ്റി.
ഇതിനു ശേഷം സൈബർ ആക്രമണം കുറഞ്ഞതായും സംഘാടകർ പറയുന്നു. ഒരു കോളജ് വിദ്യാർഥിയാണ് പുതിയ പേര് നിർദേശിച്ചത്. ഇതിന് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും സംഘാടകനായ അർജുൻ കർ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
രാഷ്ട്രീയപരമോ മതപരമോ ആയ പരിപാടിയല്ലെന്നും അർജുൻ പറഞ്ഞു. ബീഫ് ഉപയോഗിച്ചുള്ള വിവിധ തരം വിഭവങ്ങളാണ് ഫെസ്റ്റിവലിൽ തയാറാക്കുന്നത്. പന്നി ഇറച്ചി വിഭവങ്ങളും ഉണ്ടാകുമെന്ന് അർജുൻ അറിയിച്ചു.