ബീഫ് ഫ്രൈയിൽ പുഴു; ഭക്ഷണം കഴിച്ച വിദ്യാർഥിക്ക് ഭക്ഷ്യവിഷബാധ; തട്ടുകടക്കാരൻ മുതലാളിയെ വിളിച്ചപ്പോൾ കിട്ടിയ മറുപടി രസകരം…
അമ്പലപ്പുഴ: തട്ടുകടയിൽനിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ പുഴു. ഇതു കഴിച്ച വിദ്യാർഥിക്ക് ഭക്ഷ്യവിഷബാധ. അമ്പലപ്പുഴ കോമന അഴിയകത്ത് വീട്ടിൽ ബാബുവിന്റെ മകൻ അമൽ ബാബു (18) വിനാണ് ഭക്ഷ്യ വിഷബാധയേറ്റത്.
അമ്പലപ്പുഴ ജംഗ്ഷന് തെക്ക് ഭാഗത്ത് ഫെഡറൽ ബാങ്ക് എടിഎമ്മിന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നാണ് വെള്ളിയാഴ്ച ബീഫ് ഫ്രൈ വാങ്ങിയത്.
ഇതു കഴിച്ച അമൽ ബാബുവിന് ശനിയാഴ്ച്ച പുലർച്ചെ മുതൽ വയറിളക്കം തുടങ്ങി. നീറ്റ് പരീക്ഷയെഴുതാനിരിക്കേയാണ് അമലിന് ഭക്ഷ്യവിഷബാധയേറ്റത്.
ഫ്രൈയിൽ പുഴുവിനെ കണ്ടെത്തിയ വിവരമറിയിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പുദ്യോഗസ്ഥർ പരിശോധനക്കായി എത്തിയെങ്കിലും കട അടച്ചിട്ടിരിക്കുകയായിരുന്നു.
കടയുടമയെ ഫോൺ ചെയ്തപ്പോൾ സുഖമില്ലാതെ ആശുപത്രിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഈ കടയിൽ നിന്ന് നേരത്തെയും ഭക്ഷണം വാങ്ങിക്കഴിച്ച പലർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.