കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ട് പോത്തിറച്ചി വില 340 ആയി ഏകീകരിച്ചതു പോലെ മറ്റു പഞ്ചായത്തുകളിലും പോത്തിറിച്ചയുടെ വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമായി.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിവിധതരം ഇറച്ചികള്‍ക്കു പ്രത്യേകിച്ചു പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നത്.
മുളക്കുളം കടുത്തുരുത്തി, ഞീഴൂര്‍, തലയോലപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പല സ്ഥലത്തും പല വിലയാണ്.
360 മുതല്‍ 380 രൂപാ വരെയാണ് തരം പോലെ കച്ചവടക്കാര്‍ ഈടാക്കുന്നത്. മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ട് കഴിഞ്ഞദിവസം പഞ്ചായത്ത് പരിധിയില്‍ പോത്തിറിച്ചി വ്യാപാരം നടത്തുന്നവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 380 രൂപയായിരുന്നു ഈ പ്രദേശത്ത് പോത്തിറച്ചിക്കു ഈടാക്കിയിരുന്നത്.
ഉപഭോക്തൃ കോടതിയില്‍ നിന്നുള്ള നിര്‍ദേശവും ജില്ലാ കളക്ടറുടെ നിര്ദേശവുമനുസരിച്ചു ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ പോത്തിറച്ചിയുടെ വില ഏകീകരിക്കാനും ന്യായവിലയിലെത്തിക്കാനും ഇടപെടണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും പഞ്ചായത്ത് സെക്രട്ടിമാര്‍ക്ക് രേഖാമൂലം കത്ത് നല്‍കിയിരുന്നു.
ഇതനുസരിച്ചാണ് മാഞ്ഞൂര്‍ പഞ്ചായത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വരും ദിവസങ്ങളില്‍ മറ്റു ഇറച്ചി വ്യാപാരം നടത്തുന്നവരെ വിളിച്ചു ചേര്‍ത്തു അത്തരക്കാരുടെ വില്പനയിലും വിലനിലവാരം ഏകീകരിക്കുമെന്നാണ് മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ജില്ലയില്‍ പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നതെന്നും വില കുറയ്ക്കണമെന്നുമാവിശ്യപ്പെട്ട് പെരുവ സ്വദേശി പരേതനായ റിട്ടയേര്‍ഡ് അധ്യാപകന് കളരിക്കല്‍ കെ.വി. ജോര്‍ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇതു തങ്ങളുടെ പരിധിയില്‍ വരുന്നതല്ലന്ന് പറഞ്ഞ് ജില്ലാ പഞ്ചായത്ത് ഭക്ഷ്യവകുപ്പ് മന്ത്രിക്ക് നിവേദനം കൈമാറുകയായിരുന്നു. തന്റെ പരാതിയില്‍ നടപടിയെന്തായി എന്നറിയുന്നതിന് മുമ്പ് ഹൃദയാഘാതം മൂലം ജോര്‍ജ് മരണമടഞ്ഞു.