പേരാമ്പ്ര: പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടുപോത്തിനെ കൊന്നു ഇറച്ചി വീതം വച്ചു ഭക്ഷിച്ച പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേർ കൂടി പിടിയിൽ. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് സ്വദേശികളായ സജി എന്ന സെബാസ്റ്റ്യൻ (48), കുട്ടൻ എന്ന സുനിൽ (38) എന്നിവർ കണ്ണൂർ ജില്ലയിലെ ആറളം ഫാം മേഖലയിൽ നിന്നാണു ഫോറസ്റ്റധികൃതരുടെ വലയിലായത്.
പെരുവണ്ണാമുഴി റെയ്ഞ്ചർ ടി. റഹീസ് അറസ്റ്റു ചെയ്തവരെ പയ്യോളി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നേരത്തെ ഈ കേസിൽ തയ്യിൽ ജയ്മോൻ എന്ന യുവാവിനെ പിടിച്ചുകൊണ്ടുപോയ വനപാലകരുടെ നടപടിക്കെതിരെ വൻ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനെ തുടർന്നു അമ്മയുടെ നിരാഹാര സമരമടക്കം പ്രക്ഷോഭവും അരങ്ങേറിയിരുന്നു. വൻ പ്രമാണിമാരടക്കം അൻപതിൽപ്പരം പേർക്കു ഇറച്ചികിട്ടിയിട്ടുണ്ടെന്നാണു നാട്ടിൽ പ്രചരിക്കുന്നത്.
കാട്ടു പോത്തിറച്ചി ഭക്ഷിച്ചാണ് പലരും ഓണം ആഘോഷിച്ചതെന്ന സൂചനയും ലഭിക്കുന്നുണ്ട്. അന്വേഷണത്തിൽ വെള്ളം ചേർക്കാതെ മുഴുവൻ പ്രതികളെയും പക്ഷഭേദം കൂടാതെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നാണു നിഷ്പക്ഷ വാദികൾ ആവശ്യമുയർത്തുന്നത്.