കളമശേരി: സെമിനാറിനിടെ ബീഫ് കട്ലെറ്റ് കഴിപ്പിച്ച പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പലിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികൾ കുസാറ്റിനു മുന്നിൽ പ്രതിഷേധസമരം നടത്തി. അധികൃതർ വിദ്യാർഥികളുമായി ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങളിൽനിന്നു പിൻമാറാൻ കുട്ടികൾ തയാറായില്ല.
കുസാറ്റിനു കീഴിലുള്ള പുളിങ്കുന്ന് കോളജില്‍ നടന്ന സെമിനാറിനിടെ ബീഫ് കട്ലെറ്റ് വിളമ്പി എന്നതാണു തർക്കവിഷയം. ഒരു ബാങ്കിന്റെ ആഭിമുഖ്യത്തിൽ ‘ഡിജിറ്റൽ ബാങ്കിംഗ് അവെയർനെസ്’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. പങ്കെടുത്തവർക്ക് പഫ്സും കട്ലെറ്റും ബാങ്ക് അധികൃതർ വിതരണം ചെയ്തിരുന്നു. അതിൽ നോൺ വെജ് ഉള്ളത് പറഞ്ഞില്ലെന്നും ഇതിൽ നടപടി വേണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
വെജിറ്റബിള്‍ കട്ലെറ്റ് എന്നു പറഞ്ഞു സസ്യാഹാരികളായ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ ബീഫ് കട്ലറ്റ് കഴിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിനെതിരേ ആലപ്പുഴ ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.ബീഹാര്‍ സ്വദേശികളായ അങ്കിത് കുമാര്‍, ഹിമാംഷുകുമാര് എന്നിവരാണു പരാതിക്കാർ. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളായി നടത്തിവരാറുള്ള സരസ്വതി പൂജയ്ക്ക് ഇത്തവണ പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചതും സമരക്കാർ ആയുധമാക്കുന്നുണ്ട്.
ഈ മാസം 21, 22 തീയതികളിലായിരുന്നു സരസ്വതി പൂജ നടത്താന്‍ തീരുമാനിച്ചിരുന്നത്. പൂജ നടത്താൻ കുസാറ്റ് വൈസ് ചാന്‍സലറും പോലീസും അനുമതി നൽകി. എന്നാല്‍ പ്രിന്‍സിപ്പൽ അനുമതി നൽകിയില്ല. പിന്നീട് വിസിയുടെ പ്രത്യേക അനുമതി വാങ്ങിയാണു പൂജ നടത്തിയതെന്നു സമരക്കാർ പറയുന്നു.