കോട്ടയം: കോട്ടയത്ത് പോത്തിറച്ചിയുടെ വില പിടിച്ചുകെട്ടാൻ ജില്ലാ പഞ്ചായത്തും തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ജില്ലാപഞ്ചായത്ത് കമ്മിറ്റിയിൽ പോത്തിറച്ചിയുടെ വില ജില്ലയിലൊട്ടാകെ 320 രൂപയായി ഏകീകരിക്കാൻ പ്രമേയം പാസാക്കി. ജില്ലാ കളക്ടർക്കും മൃഗസംരക്ഷണ വകുപ്പിനും പ്രമേയം ഉടൻ കൈമാറും.
ജില്ലയിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാർക്കും മുനിസിപ്പൽ ചെയർമാൻമാർക്കും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പോത്തിറച്ചിക്കു വില 320 രൂപയായി ഏകീകരിക്കണമെന്ന് നിർദേശിച്ചുള്ള കത്ത് ഉടൻ കൈമാറാനും തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അറിയിച്ചു.
മാഞ്ഞൂർ പഞ്ചായത്തിൽ പോത്തിറച്ചിയുടെ വില 340 രൂപയായി ഏകീകരിച്ചതിനെ തുടർന്ന് സമീപ പഞ്ചായത്തുകൾ ഇതിനുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങിയതിനു പിന്നാലെയാണ് ജില്ലയിൽ എല്ലായിടത്തും ഒരേ വിലയാക്കാനുള്ള നടപടികളുമായി ജില്ലാ പഞ്ചായത്തും ഇടപെടുന്നത്.
സംസ്ഥാനമൊട്ടാകെ ഒരേ വിലയെന്ന തരത്തിൽ തീരുമാനമുണ്ടാക്കാൻ സർക്കാർതലത്തിൽ ശ്രമം നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പോത്തിറച്ചിയുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെരുവ സ്വദേശി റിട്ടയേർഡ് അധ്യാപകൻ കളരിക്കൽ കെ.വി. ജോർജ് മാസങ്ങൾക്കു മുന്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു പരാതി നൽകിയിരുന്നു.
ഈ പരാതിയും ഇതോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ കത്തും ഉൾപ്പെടെ മുഖ്യമന്ത്രി, തദ്ദേശ, മൃഗസംരക്ഷണ മന്ത്രിമാർക്കു കൈമാറിയിരുന്നതാണ്.
മാഞ്ഞൂർ പഞ്ചായത്താണ് ജില്ലയിൽ ആദ്യമായി കശാപ്പ് നടത്തുന്നവരുടെ യോഗം വിളിച്ചു പോത്തിറച്ചിയുടെ വില 340 ആക്കാൻ നിർദേശം നൽകിയത്. മാഞ്ഞൂരിനു പിന്നാലെ മുളക്കുളം, കല്ലറ പഞ്ചായത്തുകളും വില ഏകീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.
പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നതെന്ന പരാതിയെ തുടർന്നാണു കടുത്ത നടപടികളിലേക്കു ജില്ലാ പഞ്ചായത്ത് കടന്നത്. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ഉഴവൂർ ഡിവിഷനംഗം പി.എം. മാത്യുവാണു വിഷയം അവതരിപ്പിച്ചത്.
ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും വില ഏകീകരിക്കണമെന്നും കൊള്ളവില ഈടാക്കുന്നവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.പോത്തിറച്ചിയുടെ വില ഏകീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഉപഭോക്തൃ കോടതിയിൽനിന്നുള്ള നിർദേശവും ജില്ലാ കളക്ടറുടെ നിർദേശവുമനുസരിച്ചു ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ പോത്തിറച്ചിയുടെ വില ഏകീകരിക്കാനും ന്യായവിലയിലെത്തിക്കാനും ഇടപെടണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽനിന്നും പഞ്ചായത്ത് സെക്രട്ടറിമാർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്.