സ്വന്തം ലേഖകൻ
തൃശൂർ: ബീഫ് നിരോധനത്തിനെതിരെ യുഡിഎഫ് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭ്രാന്തൻ തീരുമാനമാണ് ബീഫ് നിരോധനം. രാജ്യത്ത് ഗുണ്ടാരാജാണ് നടപ്പാക്കുന്നത്. ഇത് സംഘർഷത്തിന് കാരണമാകും. നിരവധി പേരുടെ തൊഴിൽ ഇല്ലാതാക്കുന്ന ബിഫ് നിരോധനത്തെ നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തരം കാര്യങ്ങളിൽ സർക്കാരുകൾ ഇടപെടേണ്ട കാര്യമല്ല. ഇത് മനുഷ്യാവകാശ ലംഘനമായി കണക്കാക്കേണ്ടി വരും. മോദി സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനങ്ങൾ എടുക്കുന്നതിന്റെ പിന്നിൽ. കഴിഞ്ഞ മൂന്നു വർഷമായി കേന്ദ്ര സർക്കാർ ഒന്നും ചെയ്തിട്ടില്ല. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ ഒരു സമവായ ചർച്ചയ്ക്കും തങ്ങൾ പോകില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
പദ്ധതി നടപ്പാക്കരുതെന്നു തന്നെയാണ് തങ്ങളുടെ തീരുമാനം. അതിന് മാറ്റമില്ല. പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സിപിഐയുമായി ചേർന്ന് സമരം നടത്തുമോയെന്ന ചോദ്യത്തിന് ആരുമായും ചേരാതെ ഒറ്റയ്ക്ക് നിന്ന നേരിടുമെന്നായിരുന്നു മറുപടി. യുഡിഎഫിൽ നിന്ന് എം.പി.വീരേന്ദ്രകുമാറിന്റെ ജനതാദൾ യു വിട്ടുപോകുന്നുവെന്ന വാർത്ത മാധ്യമ സൃഷ്ടി മാത്രമാണ്. യുഡിഎഫിലേക്ക് കൂടുതൽ കക്ഷികൾ വരാൻ ശ്രമിക്കുകയാണിപ്പോൾ.
മോദിയും പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണ്. പിണറായി വിജയൻ ഒന്നാം വാർഷികത്തിന്റെ ആഘോഷങ്ങളുടെ പേരിൽ നടത്തുന്നത് കോടികളുടെ ധൂർത്താണ്. ജനങ്ങൾ വിലക്കയറ്റത്തിലും മറ്റും ബുദ്ധിമുട്ടുന്പോഴാണ് ഖജനാവിലെ പണം ധൂർത്തടിച്ച് കളയുന്നത്. കഴിഞ്ഞ ഒരു വർഷത്തെ ഭരണത്തിൽ ഒരു നേട്ടവും എടുത്തുപറയാനില്ല. ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുന്നുവെന്നാണ് പറയുന്നത്.
ഇത് എൽഡിഎഫ് സമരം നടത്തിയതിനാലാണ് തടസമുണ്ടായത്. അവർ സമരം നിർത്തിയപ്പോൾ പണികൾ തുടങ്ങിയെന്നു മാത്രം. കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും, മെട്രോയുമൊക്കെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടക്കമിട്ടതാണ്. ഇതൊക്കെയാണ് പിണറായി സർക്കാരിന്റെ നേട്ടങ്ങളായി പറയുന്നത്. ഒരു പുതിയ പദ്ധതിക്കുപോലും ശിലാസ്ഥാപനം നടത്താൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാന നിലയും തകർന്നിരിക്കയാണ്. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുന്ന നിറം മങ്ങിയ സർക്കാരായി മാറിയിരിക്കയാണിപ്പോൾ. കിഫ്ബി സ്വപ്ന ലോകത്തെ പദ്ധതിയായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, പദ്മജ വേണുഗോപാൽ, വി.ബലറാം, ജോസഫ് ചാലിശേരി, ഒ.അബ്ദുറഹ്മാൻകുട്ടി എന്നിവരും സന്നിഹിതരായിരുന്നു.