തിരുവനന്തപുരം: പുതുതായി പരിശീലനം ആരംഭിക്കുന്ന പോലീസ് ബാച്ചിന്റെ ഭക്ഷണമെനുവിൽ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നു പോലീസിന്റെ വാർത്താക്കുറിപ്പ്.
ഇതു പോലീസ് ഏർപ്പെടുത്തിയ നിരോധനമല്ലെന്നും ആരോഗ്യകരമായ ഭക്ഷണക്രമം തയാറാക്കിയ ഡോക്ടർമാരുടെ നിർദേശപ്രകാരമാണു നടപടിയെന്നും വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.
നേരത്തെ, കേരള പോലീസിന്റെ ഭക്ഷണക്രമത്തിൽ നിന്നു ബീഫ് ഒഴിവാക്കിയതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവിധ ക്യാന്പുകൾക്കു നൽകാനായി തയാറാക്കിയ പുതിയ മെനുവിൽനിന്നാണ് ബീഫ് വിഭവങ്ങൾ പുറത്തായത്.
വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണു പുതിയ മെനു തയാറാക്കിയത്.
പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും ചിക്കൻ കറിയും തുടങ്ങി കഞ്ഞിയും സാന്പാറും അവിയലും വരെ ഭക്ഷണക്രമത്തിലുണ്ടെങ്കിലും ഒരുനേരം പോലും ബീഫ് വിഭവമില്ല. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ബീഫ് ലഭിച്ചിരുന്ന ഭക്ഷണക്രമമാണ് ഇപ്പോൾ തിരുത്തിയത്.