കോട്ടയം: പോത്തിറച്ചിക്ക് പിന്നെയും വില കൂടുന്നു. 420 രൂപയാണ് നിലവില്‍. സീസണ് അല്ലാതിരിക്കെ ഒറ്റയടിക്കാണ് വില വര്‍ധിപ്പിച്ചത്. പോത്തിന്റെ ലഭ്യതക്കുറവാണ് പ്രധാനമായും വില വര്‍ധനവിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്. കേരളത്തില്‍ പോത്തുകൃഷി മറ്റിടങ്ങിളില്‍ ഉള്ളതിനേക്കാള്‍ കുറവാണ്. അതിനാല്‍ത്തന്നെ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നു. ഇതാണ് വില വര്‍ധനയില്‍ പ്രതിഫലിക്കുന്നത്.
ക്രിസ്മസ്, ഈസ്റ്റര്‍ സമയങ്ങളില്‍ വര്ധിക്കുന്നതിനേക്കാള് ഇത്തവണ വിലയില്‍ വര്‍ധനവുണ്ട്. പോത്തുകുട്ടികൾക്കും തീ വിലയാണ്. അയ്യായിരം രൂപയ്ക്ക് ഒരുകാലത്ത് കിടാങ്ങളെ ലഭിച്ചിരുന്നെങ്കില്‍, ഇന്ന് അത് പതിമൂവായിരത്തിലധികമാണ്. അതുകൊണ്ടുതന്നെ വളര്‍ത്തുവാന്‍ കര്‍ഷകര്‍ മടികാണിക്കുന്നു. ഇതാണ് പ്രധാനമായും വില വര്‍ധനവിന് കാരണമാകുന്നത്.
പോത്തിറച്ചിയുടെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ല എന്നുള്ളതാണ് യഥാര്‍ഥ്യം. പോത്തു കിടാക്കളെ സൗജന്യമായി വിതരണം ചെയ്യാന്‍ മൃഗസംരക്ഷണ വകുപ്പ്് തീരുമാനം ഉണ്ടായിരുന്നെങ്കിലും നടപ്പിലാക്കിയത് വളരെ ചുരുക്കം പഞ്ചായത്തുകളാണ്.
പോത്തിനെ വളര്‍ത്താനുള്ള ചിലവ് വളരെ കൂടുതലാണെന്ന് കര്‍ഷകര്‍ പറയുന്നു. തീറ്റയ്ക്കുമാത്രം ഭീമമായൊരു തുക ചിലവുവരുന്നു. ഇത് സ്ഥിരം കര്‍ഷകരെ പിന്നോട്ട് വലിക്കുന്നു. സര്‍ക്കാരില്‍ നിന്നോ വകുപ്പില്‍ നിന്നോ മതിയായ സഹായങ്ങള്‍ ലഭിക്കുന്നില്ല. കര്‍ഷിക മേഖലയെ മാത്രം ആശ്രയിക്കുന്ന ആളുകള്‍ക്ക് ഇത് വലിയ ഭാരമാണ്.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചാല്‍ വിപണി വിലയെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. അതേസമയം കുത്തനെ വില കൂട്ടുന്ന ഇത്തരം സംഘങ്ങളെ സഹായിക്കാനാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്നാണ്് ഉയരുന്ന പ്രധാന വിമര്‍ശനം.
പോത്ത് വളര്‍ത്തലിനെ വ്യാപിപിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെങ്കില്‍ മാത്രമെ വില വര്‍ധനയെ നിയന്ത്രിക്കുവാന്‍ കഴിയൂ. അനിയന്ത്രിതമായി വിലയില്‍ വിപണിയിലുണ്ടാകുന്ന വര്‍ധനവ് ജനങ്ങളെ വലയ്ക്കും.
പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യ(എം പി ഐ)യുടെ പ്രവര്‍ത്തനം നിലവില്‍ പരിമിതമാണ്. ഇത് വ്യാപിപ്പിക്കാന്‍ സാധിച്ചാല്‍ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കുവാന്‍ സാധിക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് അഭിപ്രായപ്പെട്ടു.