റാഞ്ചി: ജനങ്ങൾ ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കുമെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. മൂല്യങ്ങൾ പല പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നുണ്ട്. ആൾക്കൂട്ട കൊലപാതകം സ്വാഗതം ചെയ്യേണ്ട കാര്യമല്ലെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.
പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആൾവാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു ആർഎസ്എസ് നേതാവ്.
അതേസമയം ക്രൈസ്തവർ പശുവിനെ “വിശുദ്ധ പശു’ വെന്നാണ് വിളിക്കുന്നതെന്ന തെറ്റിധരിപ്പിക്കുന്ന പ്രസ്താവനയും ഇന്ദ്രേഷ് കുമാർ നടത്തി. യേശു ജനിച്ചത് കാലിത്തൊഴുത്തിലാണ്. അതിനാലാണ് ക്രൈസ്തവർ പശുവിനെ “വിശുദ്ധ പശു’ എന്നു വിളിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടിത്തം.
സൗദി അറേബ്യയിലെ മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്. കൂടാതെ മറ്റ് മതങ്ങളും പശുവിനെ കൊല്ലുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും ഇന്ദ്രേഷ് കുമാർ വ്യക്തമാക്കി.