ആട്ടിറച്ചിക്കു പകരം പശുവിറച്ചി നൽകിയ സൂപ്പർമാർക്കറ്റിനെതിരെ നഷ്ടപരിഹാരം തേടി ന്യൂസിലൻഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജൻ. 2018 സെപ്റ്റംബറിലാണ് ജസ്വീന്ദർ പോൾ എന്ന ഹിന്ദു മതവിശ്വാസിക്ക് ആട്ടിറച്ചിക്കു പകരം സൂപ്പർമാർക്കറ്റ് ജീവനക്കാർ അബദ്ധത്തിൽ പശുവിന്റെ ഇറച്ചി നൽകിയത്.
വീട്ടിലെത്തിയ ഇദ്ദേഹം ഇറച്ചി പാകം ചെയ്ത് കഴിക്കുകയും ചെയ്തു. കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് താൻ കഴിച്ചത് ആട്ടിറച്ചി അല്ലെന്നും പശുവിന്റെ ഇറച്ചിയാണെന്നും ജസ്വിന്ദറിനു മനസിലായത്. പശുവിനെ ദൈവമായി കണക്കാക്കുന്ന ജസ്വിന്ദറിന് ഇത് സഹിക്കുന്നതിലും അപ്പുറമായിരുന്നു.
കോപാകുലനായ ജസ്വന്ദർ സൂപ്പർമാർക്കറ്റിലെത്തി ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തങ്ങൾക്കു പറ്റിയ അബദ്ധത്തിന് ജീവനക്കാർ നിരുപാധികം മാപ്പ് പറഞ്ഞെങ്കിലും വിട്ടുകൊടുക്കുവാൻ ജസ്വീന്ദർ തയാറായില്ല. ജസ്വിന്ദറിന് നഷ്ടപരിഹാരമായി 200 ഡോളറിന്റെ വൗച്ചർ നൽകുവാൻ തയാറാണെന്ന് സൂപ്പർമാർക്കറ്റിന്റെ അധികൃതർ അറിയിച്ചെങ്കിലും അത് വാങ്ങുവാൻ ജസ്വിന്ദർ തയാറായില്ല.
പശു ഇറച്ചി കഴിച്ചതിലൂടെ തന്റെ ആത്മീയ ശുദ്ധി നഷ്ടമായെന്ന് വാദിച്ച ജസ്വീന്ദർ, ചെയ്ത തെറ്റിൽ നിന്നും മോക്ഷം ലഭിക്കുവാൻ ഇന്ത്യയിലെത്തി പുണ്യ സ്ഥലങ്ങൾ സന്ദർശിക്കണമെന്നും പാപത്തിൽ നിന്നും മോചനം ലഭിക്കുവാൻ കർമങ്ങൾ ചെയ്യണമെന്നും ഇതിനുള്ള ചെലവ് സൂപ്പർമാർക്കറ്റ് അധികൃതർ വഹിക്കണമെന്നും അറിയിച്ചു.
മറ്റൊരാളുടെ അശ്രദ്ധമൂലം തന്റെ ശുദ്ധി നഷ്ടമായെന്നാണ് ജസ്വിന്ദർ പറയുന്നത്. നഷ്ടമായ ശുദ്ധി നേടിയെടുക്കുന്നതിനുള്ള കർമങ്ങൾ ചെയ്യുന്നതിന് ഇന്ത്യയിൽ ആറ് ആഴ്ച്ച താമസിക്കണമെന്നും ഇതിനുള്ള ചെലവാണ് സൂപ്പർമാർക്കറ്റ് അധികൃതർ ഏറ്റെടുക്കണ്ടതെന്നും ജസ്വീന്ദർ പറയുന്നു.
താൻ പശു ഇറച്ചി കഴിച്ചെന്ന് അറിഞ്ഞ കുടുംബാംഗങ്ങൾ ഇപ്പോൾ തന്നോട് സംസാരിക്കുന്നില്ലെന്ന് ജസ്വിന്ദർ പറയുന്നു. ന്യൂസീലാൻഡിൽ ചെറിയൊരു ബാർബർ ഷോപ്പ് നടത്തുകയാണ് ജസ്വിന്ദർ. വിശുദ്ധ കർമങ്ങൾ ചെയ്യുവാൻ ഇന്ത്യയിലേക്കു പോകുന്നതിന് വിമാനടിക്കറ്റ്, ഭക്ഷണം, താമസം എന്നിവയ്ക്കെല്ലാം വലിയൊരു തുക ചെലവാകുമെന്നും തന്റെ വരുമാനം കൊണ്ട് പോകുവാൻ സാധിക്കില്ലെന്നും ജസ്വിന്ദർ പറയുന്നു.
എന്നാൽ ജസ്വിന്ദറിന്റെ വാദം അംഗീകരിക്കുവാൻ തയാറല്ലെന്ന് സൂപ്പർമാർക്കറ്റ് അധികൃതർ അറിയിച്ചു. തങ്ങളുടെ ഭാഗത്തെ തെറ്റ് സമ്മതിച്ച അധികൃതർ 200 ഡോളറിന്റെ വൗച്ചറിൽ കൂടുതലായി ഒരു നഷ്ടപരിഹാരവും ചെയ്യുവാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി.
വലിയൊരു കോർപ്പറേറ്റ് കമ്പനിക്കെതിരെ നിയമനടപടിയുമായി കോടതിയെ സമീപിക്കുവാൻ തനിക്ക് സാധിക്കില്ലെന്നും എന്നാൽ ഇന്ത്യയിൽ പോയി കർമങ്ങൾ ചെയ്യാതെ തനിക്ക് മുമ്പോട്ട് ജീവിക്കാൻ സാധിക്കില്ലെന്നും ജസ്വിന്ദർ വ്യക്തമാക്കി.