ബംഗളൂരു: കർണാടകയിലേക്കു ബീഫ് കടത്തിയവരുടെ കാർ കത്തിച്ച 14 ശ്രീരാമസേന പ്രവർത്തകർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽനിന്നാണ് ബംഗളൂരുവിലേക്ക് ബീഫ് കടത്തിയത്. ബീഫ് കടത്തിയ ഏഴുപേരെയും കടത്താനുപയോഗിച്ച അഞ്ച് വാഹനങ്ങളും കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവമെന്ന് ബംഗളൂരു റൂറൽ എസ്പി മല്ലികാർജുൻ ബലദൻഡി പറഞ്ഞു. ബീഫ് കയറ്റി വരികയായിരുന്ന അഞ്ച് മിനിട്രക്കുകളും കാറും ദൊഡ്ഡബല്ലാപുരയിൽ വച്ച് ശ്രീരാമസേനാ പ്രവർത്തകർ തടയുകയായിരുന്നു.
തുടർന്ന് ഇവർ കാർ കത്തിക്കുകയും വാഹനങ്ങളിലുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. ഉടൻ പോലീസ് സ്ഥലത്തെത്തി. ബീഫ് കടത്തിയതിനും കാർ കത്തിച്ചതിനുമായി രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതായി എസ്പി പറഞ്ഞു.
സംസ്ഥാനത്ത് 2020ൽ ബിജെപി സർക്കാർ പാസാക്കിയ കശാപ്പ് നിരോധന നിയമപ്രകാരം പശു, കാള, എരുമ, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നതിനു വിലക്കുണ്ട്.