കോട്ടയം: പോത്തിറച്ചിയുടെ വില ജില്ലയിൽ ഏകീകരിക്കുമെന്ന ജില്ല പഞ്ചായത്തിന്റെ തീരുമാനം ഈ ക്രിസ്മസ് കാലത്തും നടന്നില്ല.
സമീപ ജില്ലകളിൽ കിലോയ്ക്ക് 280 രൂപയ്ക്ക് ബീഫ് ലഭിക്കുന്പോൾ ജില്ലയിൽ 380 രൂപയാണു വില.
360 മുതൽ 380 വരെ പല വിലയാണു പലയിടത്തും വാങ്ങുന്നത്. ഇനിയും വില കൂടിയോ ഇല്ലയോ എന്നറിയണമെങ്കിൽ നാളത്തെ വിപണിയിലെത്തണം.
ജില്ലയിൽ പ്രവർത്തിക്കുന്ന കശാപ്പുശാലകളിൽ ബഹുഭൂരിപക്ഷവും നിയമങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നവയാണ്.
അന്യസംസ്ഥാനങ്ങളിൽ കോവിഡ് പശ്ചാത്തലത്തിൽ മാംസത്തിന്റെ കയറ്റുമതിയിൽ വലിയ ഇടിവ് സംഭവിച്ചതിനാൽ ഉരുക്കളുടെ വില വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ കിലോയ്ക്ക് 300 രൂപയ്ക്കു വിറ്റാൽ തന്നെ വലിയ ലാഭം ലഭിക്കുമെന്നിരിക്കേയാണ് 380 തിനു വിറ്റു കൊള്ളലാഭം ഉണ്ടാക്കുന്നത്.
മുൻ കാലങ്ങളിൽ ബീഫ് വില ഏകീകരിക്കാൻ സർക്കാർ ഇടപെട്ട സാഹചര്യവുമുണ്ടായിരുന്നു. നാട്ടിൽ വളർത്തുന്ന പോത്തുകൾക്കും വില ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ ഒക്ടോബർ 30നു ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പോത്തിറച്ചിയുടെ വില ജില്ലയിലൊട്ടാകെ 320 രൂപയായി ഏകീകരിക്കാനായിരുന്നു തീരുമാനം.
ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും മൃഗസംരക്ഷണ വകുപ്പിനും കത്തു കൈമാറുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിരുന്നു.
ജില്ലയിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാർക്കും മുനിസിപ്പൽ ചെയർമാൻമാർക്കും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പോത്തിറച്ചിക്കു വില 330 രൂപയായി ഏകീകരിക്കണമെന്ന് നിർദേശിച്ചുള്ള കത്തും നൽകാനായിരുന്നു തീരുമാനം.
വില ഏകീകരണം ഇതുവരെ നടന്നില്ല. രണ്ടു മാസം മുന്പ് മാഞ്ഞൂർ പഞ്ചായത്തിൽ പോത്തിറച്ചിയുടെ വില 330 രൂപയായി ഏകീകരിക്കുകയും സമീപപഞ്ചായത്തുകൾ ഇതിനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ജില്ലാ പഞ്ചായത്തും രംഗത്തെത്തിയത്.
പോത്തിറിച്ചിയുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെരുവ സ്വദേശി റിട്ട. അധ്യാപകൻ കളരിക്കൽ കെ.വി. ജോർജ് മാസങ്ങൾക്കു മുന്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു പരാതി നൽകിയിരുന്നു.
ഈ പരാതിയും ജില്ലാ പഞ്ചായത്തിന്റെ കത്തും ഉൾപ്പെടെ മുഖ്യമന്ത്രി, തദ്ദേശ, മൃഗസംരക്ഷണ മന്ത്രിമാർക്കു കൈമാറിയിരുന്നു.
മാഞ്ഞൂർ പഞ്ചായത്താണ് ജില്ലയിൽ ആദ്യമായി കശാപ്പ് നടത്തുന്നവരുടെ യോഗം വിളിച്ചു പോത്തിറച്ചിയുടെ വില 340 ആക്കാൻ നിർദേശം നൽകിയത്.
കച്ചവടക്കാർ വില 340 ആയി കുറയ്ക്കാൻ ആദ്യം സമ്മതിച്ചില്ലെങ്കിലും പഞ്ചായത്ത് ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിച്ചതോടെ ഇവർക്കു വഴങ്ങേണ്ടി വരികയായിരുന്നു.
മാഞ്ഞൂരിനു പിന്നാലെ മുളക്കുളം, കല്ലറ പഞ്ചായത്തുകളും വില ഏകീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
ചിക്കൻവിലയും കൂടി
കോട്ടയം: ക്രിസ്മസ് അടുത്തതോടെ ചിക്കൻ വിലയും കുതിച്ചു. മൂന്നാഴ്ച മുന്പ് വരെ 90 രൂപയിൽ നിന്നിരുന്ന ചിക്കൻവില 118 ആയി.
ഇന്നും നാളെയുമായി വീണ്ടും വില കൂടാനാണ് സാധ്യത. കേരള ചിക്കന് 109 രൂപയാണു വില. താറാവിനും മീനുകൾക്കും വില വർധിച്ചിട്ടുണ്ട്.