കോട്ടയം: പോത്തിറച്ചിക്ക് കോട്ടയം ജില്ലയിൽ അന്യായ വില ഈടാക്കുന്നതിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിക്കു പരാതി അയച്ച കെ.വി. ജോർജ് പരാതിക്കു തീരുമാനം വരും മുൻപ് യാത്രയായി.
പോത്തിറച്ചിയിലെന്താ സ്വർണം പൂശിയിട്ടുണ്ടോ, ഇങ്ങനെ വില കൂട്ടാൻ എന്നു ചോദിച്ച് ജില്ലാ പഞ്ചായത്തിലേക്കു കഴിഞ്ഞമാസം കത്തെഴുതിയ മുളക്കുളം പഞ്ചായത്ത് രണ്ടാം വാർഡിൽ കെ.വി. ജോർജ് കളരിക്കൽ(59) കഴിഞ്ഞ ദിവസമാണ് നിര്യാതനായത്.
ജോർജ് യാത്രയായെങ്കിലും ന്യായമായ പരാതിക്കു പരിഹാരമുണ്ടാക്കുമെന്ന് നിർമല ജിമ്മി പറഞ്ഞു. കത്തിന്റെ കോപ്പി ഭക്ഷ്യമന്ത്രിക്ക് അയച്ചുകൊടുത്തെങ്കിലും മറുപടി വരാത്ത സാഹചര്യത്തിൽ ജില്ലാ കളക്ടറുമായി ആലോചിച്ച് ഉചിതമായ തീരുമാനം ജില്ലാ പഞ്ചായത്ത് സ്വീകരിക്കും.
കോട്ടയം ജില്ലയിൽ ഒരു കിലോ പോത്തിറച്ചിക്ക് 380 രൂപയാണെന്നും വടക്കൻ ജില്ലകളിൽ 250 രൂപ മുതൽ 300 രൂപ വരെയാണ് നിരക്കെന്നും ജോർജ് വ്യക്തമാക്കിയിരുന്നു.
കാള, മൂരി ഇറച്ചി പോത്തിറച്ചിയാണെന്ന പേരിലും ഇതേ വിലയ്ക്കു പലയിടങ്ങളിലും വിൽക്കുന്നുവെന്നു പരാതിയുണ്ട്. മസ്തിഷ്കാഘാതത്തെത്തുടർന്നു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ജോർജ് മരിച്ചത്.
കാരിക്കോട് ജിഎംവിഎച്ച്എസിലെ ചിത്രകലാധ്യാപകനായിരുന്ന ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ ജനോപകാരപ്രദമായ വിഷയങ്ങൾ ഉയർത്തി പരിഹാരത്തിന് ശ്രമിക്കുക പതിവായിരുന്നു.