തളിപ്പറമ്പ്: ഉള്ളിക്ക് പകരം കാബേജ് കൊടുത്തത് ചോദ്യംചെയ്ത ജയില്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹോട്ടലിലെ സിസിടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുകയും, ഹോട്ടലുടമ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ച വീഡിയോ ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കുകയും ചെയ്യുമെന്ന് പോലീസ്.
കണ്ണൂര്‍ സ്പെഷല്‍ സബ്ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ശ്രീകണ്ഠാപുരം മലപ്പട്ടത്തെ പൂതലോട്ട് ഹൗസില്‍ പി.സുദീപനെ (43) യാണ് ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെ തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ മലബാര്‍ ഹോട്ടലുടമ മര്‍ദ്ദിച്ചത്.
മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താനാണ് സുദീപന് ഇന്നലെ തളിപ്പറമ്പിലെത്തിയത്. നഗരസഭാ ഓഫീസില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനാണ് അദ്ദേഹം മലബാര്‍ ഹോട്ടലില്‍ കയറിയത്.
രണ്ട് പൊറോട്ടയും ബീഫ് ഫ്രൈയുമാണ് ഓര്‍ഡര്‍ ചെയ്തത്. സാധനം മുന്നില്‍ വന്നപ്പോഴാണ് ബീഫ് ഫ്രൈക്ക് മുകളിലായി കൊത്തിയരിഞ്ഞ പച്ച കാബേജ് വിതറിയത് കണ്ടത്. കാബേജ് പ്രത്യേകിച്ചും പച്ചയായത് ഇഷ്ടമല്ലാത്ത സുദീപന് ഇത് സപ്ലയറോട് തിരക്കിയപ്പോള്‍ ഉള്ളിക്ക് വിലകയറിയതിനാല്‍ മുതലാളിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉളളിക്ക് പകരം പച്ച കാബേജ് വിതറിയതെന്ന് വ്യക്തമാക്കി.
ഈ സമയം കാബേജ് വിതറിയ ബീഫ്ഫ്രൈ സുദീപന് മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട ഹോട്ടലുടമ കൗണ്ടറില്‍ നിന്ന് എഴുന്നേറ്റ് വന്ന് ഇത് ചോദ്യം ചെയ്യുകയും തെറി വിളിക്കുകയും ബലമായി പിടിച്ചെഴുന്നേല്‍പ്പിച്ച് ഹോട്ടലിന് പിറകിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും ജീവനക്കാരുള്‍പ്പെടെ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തുവെന്നാണ് കേസ്.
“വലിയ വില കൊടുത്ത് വാങ്ങുന്ന ഉള്ളി നിനക്ക് ഓസിൽ തിന്നാന്‍ തരാന്‍ കഴിയില്ല’ എന്ന് പറഞ്ഞ് തന്നെ അപമാനിക്കുകയും ചെയ്തതായി സുദീപന് തളിപ്പറമ്പ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 341, 323 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഹോട്ടല്‍ ഉടമക്കെതിരെ കേസെടുത്തിരിക്കുന്നത്.
“നീ ആര്‍ക്ക് വേണമെങ്കിലും പരാതി കൊടുത്തോ എന്നു പറഞ്ഞ ഹോട്ടലുടമ പിന്നീട് സംഗതി പന്തിയല്ലെന്നുകണ്ട് ക്ഷമാപണം നടത്താന്‍ വന്നുവെങ്കിലും തനിക്ക് നേരിട്ട അപമാനം വെറുതെ വിടാന്‍ ഒരുക്കമാകാതിരുന്ന സുദീപന് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. ഇന്ന് രാവിലെ തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കും നഗരസഭയിലും സുദീപന് പരാതി നല്‍കിയിട്ടുണ്ട്.
ഉള്ളി വില വര്‍ദ്ധനയുടെ പേരില്‍ പല ഹോട്ടലുടമകളും വ്യാപകമായി പച്ച കാബേജ് ഉപയോഗിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിഷത്തില്‍ കുളിച്ചെത്തുന്ന കാബേജ് വേവിക്കാതെ നല്‍കുന്നത് ദോഷകരമായതിനാലും പച്ചകാബേജ് ഇഷ്ടമല്ലാത്തവരെ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നതും വലിയ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.