കോട്ടയം: മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു കോട്ടയം ജില്ലയിൽ പോത്തിറച്ചിക്ക് കശാപ്പുകാർ ഈടാക്കുന്ന കൊള്ളവില നിയന്ത്രിക്കാനും സംസ്ഥാനത്ത് വില ഏകീകരണം ഏർപ്പെടുത്താനും ആവശ്യപ്പെട്ട് മുളക്കുളം സ്വദേശി കെ.വി. ജോർജ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അയച്ച കത്ത് നിർമല ജിമ്മി ഭക്ഷ്യമന്ത്രിക്കു കൈമാറി.
ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ കത്ത് ഉൾപ്പെടെയാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് കത്ത് കൈമാറിയിരിക്കുന്നത്.
മന്ത്രിയുടെ മറുപടി അനുസരിച്ചു വില ഏകീകരണത്തിന് നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പറഞ്ഞു.
ഇതര ജില്ലകളിൽ പോത്തിറച്ചി കിലോയ്ക്ക് ശരാശരി 280 രൂപ ഈടാക്കുന്പോൾ കോട്ടയം ജില്ലയിലെ പോത്തിറച്ചി എന്താ സ്വർണം പൂശിയതാണോ എന്ന പരാമർശത്തോടെയാണ് മുളക്കുളം സ്വദേശി കെ.വി. ജോർജ് നിർമല ജിമ്മിക്ക് കത്ത് അയച്ചത്.
250 രൂപയിൽ താഴെ ഈടാക്കാവുന്ന കാളയിറച്ചിയും മൂരിയിറച്ചിയുംവരെ ജില്ലയിൽ പോത്തിറച്ചി എന്ന ബ്രാൻഡിൽ 360-380 രൂപ നിരക്കിൽ വിറ്റുവരുന്നതിനെതിരേയും നടപടിയില്ല.
ഇടുക്കിയിൽ 300-320, എറണാകുളം 280-300, തൃശൂർ 290-300, കണ്ണൂരിൽ 300 രൂപ നിരക്കിലാണ് വിൽപന. മറ്റ് ജില്ലകളിൽ പോത്തിറച്ചി കൊത്തിനുറുക്കി കറിവയ്ക്കാൻ പാകത്തിനു നൽകുന്പോൾ കോട്ടയം ജില്ലയിൽ നുറുക്കാൻ കിലോയ്ക്ക് 10 രൂപ അധികം നൽകണം.
ഇതര ജില്ലകളിൽ എന്നപോലെ വടക്കേ ഇന്ത്യയിൽനിന്നുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളിലും ട്രക്കുകളിലും മാടുകളെ കൊണ്ടുവന്ന് തമിഴ്നാട്ടിലെ കച്ചവടക്കാർ മുഖേനയാണു കേരളത്തിലുടനീളം വിൽക്കുന്നത്.
ഇറച്ചിക്കു മാത്രമല്ല കറിയെല്ലിനും മറ്റു ജില്ലകളിലില്ലാത്ത നിരക്കാണ് ഈടാക്കുന്നത്. മലപ്പുറം ജില്ലയിൽ കിലോയ്ക്ക് 250 രൂപ നിരക്കിൽ പെരുന്നാൾ വേളകളിൽ പോത്തിറച്ചി വിൽക്കുന്ന സാഹചര്യത്തിലാണു വിദേശ രാജ്യങ്ങളെക്കാൾ നിരക്കിൽ കോട്ടയം ജില്ലയിലെ പോത്തിറച്ചി വിൽപന.
എറണാകുളം ജില്ലയുടെ വിവിധയിടങ്ങളിൽ എല്ല് നീക്കം ചെയ്ത് 200 രൂപയ്ക്ക് പന്നിയിറച്ചി വിൽക്കുന്പോൾ കോട്ടയം ജില്ലയിൽ എല്ലുൾപ്പെടെ 250-280 രൂപ നിരക്കിൽ വിൽക്കുന്നു. പന്നിയിറച്ചിക്കും സംസ്ഥാനത്ത് ഏറ്റവും ഉയർന്ന നിരക്ക് കോട്ടയം ജില്ലയിലാണ്.
എറണാകുളം ജില്ലയിലെ ഫാമുകളിൽനിന്നാണ് ജില്ലയിൽ കൂടുതലായി പന്നികളെ കശാപ്പുശാലകളിൽ എത്തിക്കുന്നത്.
ഇറച്ചിവിലയ്ക്ക് നിയന്ത്രണവും ഏകോപനവും ഏർപ്പെടുത്താൻ അധികാരം ജില്ലാ പഞ്ചായത്തിനും പ്രസിഡന്റിനും ഉണ്ടെന്നതിനാലാണ് ജോർജ് വിശദമായ കത്ത് അയച്ചത്.
കോവിഡ് മഹാമാരിയിൽ ജനങ്ങൾ സാന്പത്തിക ഞെരുക്കം നേരിടുന്പോൾ ഇറച്ചിക്ക് കൊള്ളവില ഈടാക്കുന്നത് കടുത്ത ചൂഷണമാണെന്നും ഇദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.