ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പോത്തിറച്ചിയുമായി ജീപ്പിൽ പോയ യുവാവിനെ പോലീസിന്റെ മുന്നിൽ ഗോസംരക്ഷകരെന്ന് അവകാശപ്പെട്ട ഒരുസംഘം ഗുണ്ടകൾ ചുറ്റികയ്ക്കു തലയ്ക്കടിച്ചു ക്രൂരമായി തല്ലിച്ചതച്ചു.
ഡൽഹിക്കടുത്ത് ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ ബഹുരാഷ്ട്ര കന്പനികളുടെ ടവറുകൾക്കു മുന്നിൽ പട്ടാപ്പകലാണു രാജ്യത്തെ വീണ്ടും നടുക്കിയ സംഭവം.
ലോക്ക്ഡൗണും കോവിഡും പോലും ഗോമാംസത്തിന്റെ മറവിലുള്ള ആൾക്കൂട്ട അക്രമത്തിൽനിന്നു സംഘത്തെ പിന്തിരിപ്പിച്ചില്ല. മാംസവുമായി പോയിരുന്ന മിനി പിക്കപ് വാനിനെ എട്ടു കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണു വാഹന ഡ്രൈവറായ 25 വയസുകാരൻ ലുക്മാനെ പിടിച്ചിറക്കി ജനക്കൂട്ടത്തിനും പോലീസിനും മുന്നിൽവച്ച് അതിക്രൂരമായി തല്ലിച്ചതച്ചു മൃതപ്രായനാക്കിയത്.
കുറെസമയം സംഭവം കണ്ടുനിന്ന പോലീസ് പിന്നീടു തടയാനെത്തിയെങ്കിലും ഗോസംരക്ഷകർ പിൻവാങ്ങിയില്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് അക്രമികളെ പിടികൂടിയില്ല. വെള്ളിയാഴ്ച രാവിലെ ഒൻപതിനായിരുന്നു ഗുരുഗ്രാമിൽ സംഭവം.
അടികൊണ്ടു വീണ് അവശനായ ഹരിയാന സ്വദേശിയായ യുവാവിനെ പിന്നീടു ചുരുട്ടിക്കൂട്ടി കെട്ടിയിട്ടു മിനി ട്രക്കിൽ കയറ്റി ബാദ്ഷാപുർ ഗ്രാമത്തിൽ കൊണ്ടുപോയി വീണ്ടും മർദിച്ചു. തുടർന്ന് സോന ഗ്രാമത്തിൽനിന്നാണു യുവാവിനെ പോലീസ് മോചിപ്പിച്ചത്.
രീരത്തിലെ അസ്ഥികൾ ഒടിഞ്ഞ് ഗുരുതര പരിക്കുകളോടെ ലുക്മാൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാ ണ് അക്രമികളിൽ ഒരാളായ പ്രദീപ് യാദവിനെ മാത്രം പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഗുരുഗ്രാം പോലീസ് അഡീഷണൽ കമ്മീഷണർ പ്രീത്പാൽ സിംഗ് ഇന്നലെ പറഞ്ഞു.
യുവാവിനെ ചുറ്റിക ഉപയോഗിച്ചു തല്ലിച്ചതച്ച ഗോസംരക്ഷകരിൽ ഒരാളെപ്പോ ലും പിടികൂടുന്നതിനു മുന്പേ മാംസം പരിശോധനയ്ക്ക് അയയ്ക്കാനായിരുന്നു പോലീസിനു തിടുക്കം.
പിക്കപ് വാനിലുണ്ടായിരുന്ന മാംസം പശുവിന്റേതാ ണോയെന്നു പരിശോധിക്കാനായി ലാബിലേക്ക് പോലീസ് അയച്ചു. വാഹനത്തിൽ ഉണ്ടായിരുന്നതു പോത്തിറച്ചിയാണെന്നും 50 വർഷമായി താൻ ഇറച്ചി വ്യാപാരിയാണെന്നും ലുക്മാൻ ഓടിച്ചിരുന്ന വാനിന്റെ ഉടമ പറഞ്ഞു.
2015ൽ യുപിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്ലാക് എന്ന 52-കാരനെയും 2017ൽ രാജസ്ഥാനിലെ അൽവാറിൽ പെഹ്ലു ഖാൻ എന്ന ക്ഷീരകർഷകനെയും ഗോമാസം ഉണ്ടെന്നാരോപിച്ചു തല്ലിക്കൊന്നിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പെഹ്ലു ഖാനെയും ഇയാളുടെ രണ്ടു മക്കളെയും ആക്രമിച്ച ഒൻപതംഗ സംഘത്തിലെ ആറു പേരെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അൽവാറിലെ കോടതി വെറുതെ വിട്ടു. പോലീസ് വേണ്ടത്ര തെളിവുകൾ ഹാജരാക്കിയില്ലെന്നതിനാലാണ് പ്രതികളെ വെറുതെ വിട്ടത്. ഈ കേസിൽ ഒരാൾ പിടികിട്ടാപ്പുള്ളിയായി തുടരുകയാണ്.
ആൾക്കൂട്ട അക്രമം നടത്തുന്നവർക്കു യുപിയിലെയും മറ്റും പോലീസ് സഹായം നൽകുന്നതായും തെളിവുകൾ ഹാജരാക്കാതെ കോടതിയുടെ ശിക്ഷയിൽനിന്നു രക്ഷപ്പെടുത്തുന്നതായും ആരോപണമുണ്ട്. യുപി സർക്കാരിന്റെ നിർദേശപ്രകാരമാണ് പോലീസ് അക്രമം തടയാൻ നടപടിയെടുക്കാത്തതെന്നു കോണ്ഗ്രസ് കുറ്റപ്പെടുത്തി.