കട്ടപ്പന: പോത്തിറച്ചിക്കു വില കൂട്ടാനുള്ള കോടതി ഉത്തരവിന്റെ മറവിൽ മൂരിയിറച്ചിക്കും വില വർധിപ്പിച്ചതായി പരാതി.
മാംസവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ഇടുക്കി യൂണിറ്റ് ഹൈക്കോടതിയൽ ഫയൽചെയ്ത റിട്ട് ഹർജിയിൽ പോത്തിറച്ചിക്ക് കിലോഗ്രാമിന് 330 രൂപ വാങ്ങാൻ ജസ്റ്റീസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ താത്കാലിക ഉത്തരവുണ്ട്. ഇതിന്റെപേരിൽ മൂരിയിറച്ചിക്കും 330 രൂപ ഈടാക്കുന്നതായാണ് പരാതി.
പോത്തിറച്ചിയെന്ന വ്യാജേന ഒട്ടുമിക്ക കശാപ്പു ശാലകളിലും മൂരിയിറച്ചിയാണ് വിൽപന നടത്തുന്നത്. മൂരിയിറച്ചിയും പോത്തിറച്ചിയും തരം തിരിച്ചു വില പ്രദർശിപ്പിച്ച് വിൽപന നടത്തണമെന്ന് മീറ്റ് കണ്‍സ്യൂമേഴ്സ് ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.
പോത്തിനു വില വർധിച്ചതിന്റെ പേരിലാണ് വിലവർധനവ് ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചത്. കട്ടപ്പന നഗരസഭ, കാഞ്ചിയാർ, ഇരട്ടയാർ, വണ്ടേന്മേട്, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ പോത്തിറച്ചിക്ക് 330 രൂപ ഈടാക്കാമെന്നാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലുള്ളത്.
മൂരിയിറച്ചിയുടെ വില സംബന്ധിച്ച് ഉത്തരവുണ്ടായിട്ടില്ല. പരാതി കേട്ട് സിവിൽ സപ്ലൈസ് വകുപ്പ് വില നിശ്ചയിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട സർക്കാർ വകുപ്പ് വില നിശ്ചയിച്ചു നൽകിയിട്ടില്ല.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വില കൂട്ടി വാങ്ങുന്പോൾ ഉത്തരവിലെ മറ്റു നിർദേശങ്ങളും നടപ്പിലാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.