ബിജെപി ഭരണ സംസ്ഥാനമെങ്കിലും ആസാമിൽ ബീഫ് വലിയ ചർച്ചാവിഷയമാണ്.
രുചികരമായ ഭക്ഷണത്തിൽ പോത്തിറച്ചി ഒഴിവാക്കാനാകില്ലെന്ന ബിജെപി സ്ഥാനാർഥി ബനേന്ദ്ര കുമാർ മുഷാഹരിയുടെ പ്രസ്താവനയാണു പുതിയ വിവാദം.
ബീഫ് ഇന്ത്യയുടെ ദേശീയ ഭക്ഷണം ആണെന്നു പറഞ്ഞതിന്റെ പേരിൽ മുഷാഹരിക്കെതിരേ പോലീസ് എഫ്ഐആർ ഫയൽ ചെയ്തു.
ഇതോടെ ബീഫ് വിവാദം ബിജെപിയെയും വെട്ടിലാക്കി. പൂർവാഞ്ചൽ ഹിന്ദു ഐക്യ മഞ്ച എന്ന സംഘടനയാണ് ഇതിനെതിരേ പോലീസിൽ പരാതി നൽകിയത്.
ധുബ്രി ജില്ലയിൽ മുഷാഹരിക്കെതിരേ ഹിന്ദു സംഘടനകൾ പ്രതിഷേധപ്രകടനവും നടത്തി. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിന്റെ മുൻ എംഎൽഎയായ മുഷാഹരി കഴിഞ്ഞ ഡിസംബറിലാണു ബിജെപിയിൽ ചേർന്നത്.
ബിജെപി സ്ഥാനാർഥിയായി സജീവമായ പ്രചാരണരംഗത്തുള്ള മുഷാഹരിയെ ഇനി മാറ്റില്ലെന്നാണു ബിജെപി നേതാക്കൾ നൽകിയ സൂചന.