ചാത്തന്നൂർ: സംസ്ഥാനത്ത് പോത്തിറച്ചിക്ക് ഏറ്റവും കൂടിയ വില കൊല്ലത്ത്. ലോക്ക്ഡൗണും മീനിന്റെ ദുർലഭ്യതയും മുതലെടുക്കുകയാണ് ഇറച്ചിക്കച്ചവടക്കാർ. ആവശ്യക്കാരേറിയതോടെ കച്ചവടക്കാര്‍ നിശ്ചയിക്കുന്ന വിലയാണ്.
ജില്ലയിലെ വിവിധ ഇറച്ചി വില്പനശാലകളില് ഒരു കിലോ ഇറച്ചിക്ക് 380 രൂപ വരെയാണ് വില. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ പരമാവധി 320 രൂപ മാത്രമേ ഈടാക്കുന്നുള്ളുവെന്നാണ് അറിയാൻ കഴിഞ്ഞത്.
പഴം, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വില നിശ്ചയിക്കാനുള്ള അധികാരം അതാത് ജില്ലാഭരണകൂടത്തിനാണ്. കൊല്ലംജില്ല ഭരണകൂടം ഒരു വർഷം മുമ്പേ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
പോത്തിറച്ചിക്ക് പരമാവധി 350 രൂപയേ ഈടാക്കാവൂ എന്നാണ് ഉത്തരവിലുള്ളത്. വിലവിവരം വില്പനശാലകളില് പ്രദര്‍ശിപ്പിക്കണമെന്നതും പാലിക്കുന്നില്ല.
വില മാത്രമല്ല മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് മുതൽ എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഇറച്ചി കച്ചവടം.
മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് സ്ലാട്ടർ ഹൗസോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ പരസ്യമായാണ് കശാപ്പുചെയ്യുന്നത്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ലൈസന്‍സ് നിര്‍ബന്ധമാണെങ്കിലും ബഹുഭൂരിപക്ഷം ഇറച്ചി കച്ചവടക്കാർക്കും അതില്ല. പരിസ്ഥിതി- ആരോഗ്യ സംരക്ഷണമില്ലാതെയും ലൈസന്‍സ് ഇല്ലാതെയും വഴിയോരങ്ങളിലും കച്ചവടം വ്യാപകമാണ്.
അറവ് മൃഗങ്ങളുടെ തല പ്രദര്‍ശിപ്പിക്കരുതെന്ന ഉത്തരവിന് പുല്ലുവില. പരിശോധന സംവിധാനങ്ങളില്ലാത്തതും ശക്തമല്ലാത്തതും കച്ചവടക്കാർ മുതലെടുക്കുന്നു.
രോഗബാധിതമായതോ ചത്തുപോയതോ ആയ കന്നുകാലിയുടെ ഇറച്ചിയാണോ വില്ക്കുന്നതെന്നറിയാനും ഒരു സംവിധാനവുമില്ല.
കൊല്ലത്ത് പോത്തിറച്ചിയുടെ വില 350 രുപയായാണ് നിശ്ചയിച്ചിരിക്കുന്നത്. വില പ്രദർശിപ്പിക്കണമെന്നും ഉത്തരവുണ്ട്.
പക്ഷേ ഇതു ലംഘിച്ച് 370- 380 രുപയ്ക്കാണ് വില്ലന. മാംസാഹാര പ്രിയരിൽ ഏറിയപങ്കും പോത്തിറച്ചിപ്രിയരാണെന്നത് മുതലെടുക്കുകയാണ് ഇറച്ചിക്കച്ചവടക്കാർ.
കൊല്ലം ജില്ലയിൽ ഇറച്ചിയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പരമാവധി വില ഇങ്ങനെ: വില കിലോഗ്രാമിന്. കോഴിയിറച്ചി ജീവനോടെ – 140, ഇറച്ചി മാത്രം – 210. കാളയിറച്ചി – 320, എല്ലില്ലാതെ – 360. പോത്തിറച്ചി – 340, എല്ലില്ലാതെ 370. ആട്ടിറച്ചി – 680.
മലപ്പുറം കോഴിക്കോട്, തൃശൂർ ജില്ലകളിൽ 280-300 രൂപയാണ് പോത്തിറച്ചി വില. എറണാകുളം-300. മറ്റ് ചില സ്ഥലങ്ങളിൽ ഇതിലും വില കുറവാണെന്നറിയുന്നു.
മാനദണ്ഡങ്ങൾ പാലിക്കാതെയും അധിക വില ഈടാക്കുന്നതിനെതിരെയും നടപടി സ്വീകരിക്കേണ്ടത് സിവിൽ സപ്ലൈസ് വകുപ്പാണ്.
പരാതിക്കാർ ഇല്ലെന്ന കാരണത്താൽ ഇവർ കണ്ണടയ്ക്കുകയാണ്.
പരാതി നല്‍കാനും ആരും മുന്നോട്ടില്ല എന്ന അപാകതയുമുണ്ട്. വഴിയോര ഇറച്ചിക്കച്ചവടം തദ്ദേശ സ്വയംഭരണ സമിതികളിലെ അംഗങ്ങൾക്കും രാഷ്ടീയ പാർട്ടികൾക്കും ഗുണകരമാണെന്നും ആരോപണമുണ്ട്.
വഴിയോരക്കച്ചവടം കണ്ടില്ലെന്ന് നടിക്കുന്നതിന്റെ പിന്നാമ്പുറമുണ്ടത്രേ.