പേരാമ്പ്ര: കൊറോണക്കാലത്ത് തെരുവിലെ മൃഗങ്ങളുടെ വിശപ്പ് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ചക്കിട്ടപാറയിലെ ഓട്ടോ ഡ്രൈവർ കോമച്ചൻകണ്ടി നാരായണൻ മനസിലാക്കി.
കൊറോണ രൂക്ഷമായ ആദ്യ കാലഘട്ടത്തിൽ സ്വന്തം വീട്ടിൽ ഭക്ഷണം പാകം ചെയ്ത് ചക്കിട്ടപാറ മുതൽ പെരുവണ്ണാമൂഴി വരെ സ്വന്തം ഓട്ടോയിൽ എത്തിച്ചു ഭക്ഷണം നൽികി.
85 ദിവസം ഇതു തുടർന്നു. ഭക്ഷണശാലകൾ തുറന്നതോടെയാണു ഇത് തത്ക്കാലം നിർത്തിയത്.
ഇക്കുറി തിരുവോണത്തിനു വീട്ടിൽ നാരായണൻ ബീഫ് ബിരിയാണി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
പാചകം പൂർത്തിയായതോടെ ഇതെടുത്ത് സ്വന്തം ഓട്ടോയിൽ കയറ്റി തെരുവിലെത്തി വിളമ്പൽ തുടങ്ങി.
ചക്കിട്ടപാറ ടൗണിൽ നിന്നായിരുന്നു തുടക്കം. പിള്ളപ്പെരുവണ്ണ കഴിഞ്ഞ് പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രം പരിസരത്തും പിന്നീട് വന്യമൃഗ ഓഫീസ് പരിസരത്ത് വനം ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയും നായകൾക്ക് ബിരിയാണി വിളമ്പി.