കോഴിക്കോട്: കൊലക്കേസ് പ്രതി നീണ്ട 30 വർഷത്തിനു ശേഷം ടൗണ്‍ പോലീസിന്റെ പിടിയിലായി.
ബീന എന്ന ഹസീനയാണ് നീണ്ട വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായത്. 1991-ലാണ് സംഭവം നടന്നത്.
പ്രതി വളർത്താനായി ദത്തെടുത്ത നാലര വയസുള്ള പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബീന പിടിയിലായത്.
കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജില്‍ വച്ചു പ്രതിയും കാമുകനും ചേർന്ന് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയും ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിഞ്ഞ് വരവേ കുട്ടി മരണപ്പെടുകയുമായിരുന്നു.
ഇതിനെ തുടർന്ന് മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടിയുടെ മരണം കൊലപാതകമാണന്ന് മനസിലാകുകയും കേസില്‍ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന് ജാമ്യത്തില്‍ ഇറങ്ങിയ പ്രതികൾ ഒളിവില്‍ പോവുകയുംയിരുന്നു. ഒളിവില്‍ പോയ കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീനയാണ് കളമശേരിയില്‍ വച്ച് പിടിയിലായത്.
പ്രതി മൂന്നാര്‍ ഭാഗത്ത് താമസമുണ്ടെന്നും ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു കളമശേരിയില്‍ എത്തുമെന്നും ഉള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.വി. ജോണിന്റെ നിര്‍ദ്ദേശ പ്രകാരം ടൗണ്‍ പോലീസ് ഇൻസ്പെക്ടർ ശ്രീഹരി, എസ്ഐ മാരായ ബിജു ആന്റണി, അബ്ദുള്‍ സലിം, സീനിയര്‍ സിപിഒ സജേഷ് കുമാര്‍, സിപിഒ മാരായ രജീഷ് ബാബു, സുജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.