വെച്ചൂച്ചിറ: ലോക്സഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് പാട്ടുപാടി ആലത്തൂരിലെ താരമായെങ്കിൽ, പത്തനംതിട്ടയിലെ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിലെ സ്ഥാനാർഥി ബീനാ ജോബി മറ്റൊരു പരീക്ഷണത്തിലാണ്. തനിക്ക് വോട്ടഭ്യർഥിച്ചു കൊണ്ട് ബീന തന്നെ പാടിയ പാട്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ബീനാ ജോബി….. മൂന്നാം വാർഡിലെ സ്ഥാനാർഥി… കൈപ്പത്തിയാ ചിഹ്നം…; ഈ വരികൾ പൂന്തേനരുവി പൊന്മുടി പുഴയുടെ അനുജത്തീ…. എന്ന പാട്ടിന്റെ ഈണത്തിൽ പാടിയാണ് ബീന ജോബി സമൂഹമാധ്യമങ്ങളിൽ വൈറലായത്.
സംഗീതവാസനയുള്ള ബീന സ്ഥാനാർഥിയായപ്പോൾ സ്വന്തം പേരിലുള്ള പാട്ട് പാടണോ എന്ന് ആദ്യം വിചാരിച്ചെങ്കിലും പിന്നീട് എല്ലാവരും പിന്തുണ നൽകിയപ്പോൾ പാടാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യമായാണ് മത്സരരംഗത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാർഥിയാണ്. ഭർത്താവ് കരോട്ടുപാറ വീട്ടിൽ ജോബി കെ. ജോസ് രാഷ്ട്രീയത്തിൽ സജീവപ്രവർത്തകനാണ്.
ജോബിയുടെ പിതാവ് ഔതക്കുട്ടി 20 വർഷം മുന്‍പ് നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ചെന്പനോലി വാർഡിലാണ് ബീനയുടെ കന്നി അങ്കം.
രാഷ്ട്രീയത്തിൽ കന്നിക്കാരിയെങ്കിലും ഭർത്താവിനും കുടുംബത്തിനും പൊതുപ്രവർത്തന രംഗത്ത് പിന്തുണ നൽകിയിരുന്നു.
നാട്ടിലെ പല പൊതുജനകീയ പ്രശ്നങ്ങളിലും ഇടപെട്ടിരുന്ന ബീനയ്ക്ക് വോട്ടർമാരിലധികം പേരെയും അടുത്തു പരിചയമുണ്ട്. മറ്റു മൂന്നുപേർ കൂടി വാർഡിൽ മത്സരരംഗത്തുണ്ട്.
പൊന്തൻപുഴ സ്വദേശിയായിരുന്ന ബീന വിവാഹശേഷം ചെന്പനോലി കരോട്ടുപാറയിൽ വീട്ടിൽ വിവാഹം ചെയ്ത് എത്തിയ കാലം മുതൽ ഇടവകപള്ളിയായ ചെന്പനോലി സെന്റ സെബാസ്റ്റ്യൻസ് ഇടവക ഗായകസംഘത്തിൽ സജീവമാണ്.
കാഞ്ഞിരപ്പള്ളി ഹെവൻലി വോയ്സ് എന്ന ട്രൂപ്പിൽ അംഗവുമാണ്. സ്വന്തം പേരുചേർത്ത് തയാറാക്കിയ പാട്ടിന് എരുമേലി ഹെവൻലി വോയ്സിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി രാജു വല്ലൂരാനാണ് പാരഡി പാട്ടിന്റെ വരികൾ എഴുതിയത്.
എരുമേലി ഡൗണ്‍ ടൗണ്‍ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത പാട്ട് പ്ലസ് വണ്‍ വിദ്യാർഥിയായ ജോർജി തോമസ് ജിയോ എഡിറ്റ് ചെയ്തു.
അമൽ, അലൻ, ലെന എന്നിവരാണ് ബീന – ജോബി ദന്പതികളുടെ മക്കൾ.