കസബ സിനിമയെക്കുറിച്ചുള്ള വിമര്‍ശനവും പിന്നാലെയുണ്ടായ വിവാദവുമാണ് ഡബ്ലുസിസിയുടെ പിന്തുണ കുറച്ചത്! അത് കുറച്ച് പെണ്ണുങ്ങള്‍ അല്ലേ എന്ന് കരുതുന്നവരുമുണ്ട്; തുറന്ന് സമ്മതിച്ച് ഡബ്ലുസിസി അംഗം ബീന പോള്‍

മലയാള സിനിമയില്‍ നിര്‍ണായകമായ ഒരു സംഭവമായിരുന്നു, സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കും പരാതി പരിഹാരത്തിനുമായി രൂപം കൊടുത്ത ഡബ്ലുസിസി. തുടക്കത്തില്‍ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും പിന്നീട് വിമര്‍ശനവിധേയമായ ഒന്നായി ഡബ്ലുസിസി മാറി. സംഘടനയിലെ തന്നെ ചില അംഗങ്ങളുടെ ചില പ്രസ്താവനകളും എടുത്തുചാട്ടങ്ങളുമാണ് ഡബ്ലുസിസി എന്ന സംഘടനയ്ക്ക് പാരയായതെന്നതും ശ്രദ്ധേയമാണ്.

ഡബ്ലുസിസി വേരു പിടിച്ച് വരുന്ന സമയത്ത് തന്നെ സംഘടനയിലെ ചില അംഗങ്ങള്‍ നടത്തിയ വിവാദപരമായ പരാമര്‍ശങ്ങളാണ് അതിന്റെ പിന്തുണ കുറഞ്ഞ് പോകാനുണ്ടായ കാരണമെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണിപ്പോള്‍ ഡബ്ലുസിസിയുടെ നേതൃനിരയിലെ അംഗം കൂടിയായ ബീന പോള്‍.

2017ല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പാനല്‍ ഡിസ്‌കഷന് ശേഷമാണ് തങ്ങള്‍ക്കുണ്ടായ പിന്തുണ പെട്ടെന്ന് കുറഞ്ഞതെന്നാണ് എഡിറ്ററും ഡബ്ല്യൂസിസി അംഗവുമായ ബീനാ പോള്‍ പറഞ്ഞിരിക്കുന്നത്. അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഐഎഫ്എഫ്‌കെയില്‍ വച്ചുണ്ടായ വിവാദത്തിന് ശേഷം പെട്ടെന്ന് പിന്തുണ നഷ്ടമായെന്നും ബീന പോള്‍ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബീനാ പോളിന്റെ പ്രതികരണം. മലയാള സിനിമയെ തകര്‍ക്കാനല്ല മറിച്ച് മികച്ച തൊഴിലിടമാക്കി മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ബീനാ പോള്‍ വ്യക്തമാക്കി.

മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്് ഡബ്ല്യൂസിസി അംഗവും നടിയുമായ പാര്‍വ്വതി ഐഎഫ്എഫ്കെ വേദിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് പാര്‍വ്വതിക്കെതിരെയും ഡബ്ല്യൂസിസിക്കെതിരെയും മമ്മൂട്ടി ഫാന്‍സ് സൈബര്‍ ആക്രമണം നടത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ അമ്മയില്‍ തിരിച്ചെടുക്കുന്ന ചര്‍ച്ച വന്നപ്പോള്‍ ആരിലും കുറ്റമാരോപിക്കുകയല്ല മറിച്ച് കേസ് നിലനില്‍ക്കുന്നിടത്തോളം രണ്ട് പേരും ഒരിടത്ത് ഉണ്ടാകാന്‍ പാടില്ലെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. അതിന് എതിര്‍പ്പു നേരിട്ടപ്പോഴാണ് രണ്ട് പേര്‍ അമ്മയില്‍ നിന്ന് രാജി വെച്ചത്. പിന്നീട് മറ്റു മൂന്ന് പേരുടെ പ്രയത്‌നത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.’അത് കുറച്ചു പെണ്ണുങ്ങള്‍ അല്ലേ’ എന്ന തരത്തിലാണ് പലരും കണ്ടത്. എല്ലാവര്‍ക്കും ഒരേ ഇടവും അവസരവും ലഭിക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ബീന പോള്‍ പറയുന്നു.

Related posts