കൊച്ചി: എറണാകുളം കലൂരിൽ വയോധികയെ കബളിപ്പിച്ച് മാല കവർന്ന സംഭവത്തിൽ നോർത്ത് പോലീസ് പിടികൂടിയ ബീനാകുമാരിയുടെ പേരിൽ ഇടുക്കി ജില്ലയിലെ വിവിധ സറ്റേഷനുകളിലുണ്ടായിരുന്നതു പത്തോളം കേസുകളെന്നു പോലീസ്.
2006-2010 കാലഘട്ടത്തിലായിരുന്നു ഇവർ ഇടുക്കി ജില്ലയിലെ കാളിയാർ സ്റ്റേഷനു കീഴിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയിരുന്നത്. ഈ കേസുകളിൽ പിടിയിലായ ഇവർ പിന്നീട് ഇവിടെനിന്നു മുങ്ങിയതായും വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
ഇതിനുശേഷം നിരവധി മോഷണം നടത്തിയിരുന്നെങ്കിലും ഒരിടത്തും പിടിക്കപ്പെട്ടിരുന്നില്ല. ആഡംബര വേഷത്തിലെത്തി കലൂർ കീറ്റുപറന്പിൽ എൽസി സേവ്യർ എന്ന എഴുപത്തെട്ടുകാരിയുടെ മാല കവർന്ന സംഭവത്തിലാണു കോട്ടയം കുറവിലങ്ങാട് പ്ലാക്കട്ടിൽ വീട്ടിൽ ബീനാകുമാരിയെ (50) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ പ്രചരിച്ചതോടെയാണു കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നത്. കൊച്ചി സിറ്റി പോലീസിനു കീഴിലുള്ള വിവിധ സ്റ്റേഷനുകൾക്കു പുറമെ ആലുവ ഈസ്റ്റ് സ്റ്റേഷൻ, മുവാറ്റുപുഴ, കടുത്തുരുത്തി, തൃശൂർ പാവറട്ടി സ്റ്റേഷനുകളിൽ ഉൾപ്പെടെ ഇവർക്കെതിരെ കൂടുതൽ പരാതികളുണ്ടെന്നു അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
വരുംദിവസങ്ങളിലും ഇവരുടെ തട്ടിപ്പുകൾ പുറത്തുവരുമെന്നുതന്നെയാണു പോലീസ് കരുതുന്നത്. പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണു സൂചന. തന്റെ അമ്മയുടെ ഓർമദിവസമായതിനാൽ ഇന്ന് ആരെയെങ്കിലും സഹായിക്കണമെന്നു പറഞ്ഞു പ്രതി എൽസിയുടെ വിശ്വാസം പിടിച്ചുപറ്റിയാണു കലൂരിൽ തട്ടിപ്പ് നടത്തിയത്.
സമാന രീതിയിലാണ് മുന്പും പലയിടത്തും ഇവർ മോഷണം നടത്തിയത്. ഇതിൽ തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടറാണെന്നും അമ്മയുടെ ഓർമ ദിവസമായതിനാൽ സഹായിക്കുകയാണെന്നും പറഞ്ഞുംവരെ നടത്തിയ തട്ടിപ്പും ഉൾപ്പെടുന്നു.