ആലുവ: കലൂരിൽ വയോധികയെ കബളിപ്പിച്ച് മാല കവർന്ന കേസിൽ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത കോട്ടയം കുറുവിലങ്ങാട് പ്ലാക്കാട്ടിൽ വീട്ടിൽ ബീനകുമാരിക്കെതിരെ ആലുവയിലും തട്ടിപ്പ് കേസ്.
എടയപ്പുറം സ്വദേശിയായ വയോധികയെ കബളിപ്പിച്ചതിന് ആലുവ ഈസ്റ്റ് പോലീസാണ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്. 72വയസുള്ള വയോധികയെ മൂന്നു സെന്റ് സ്ഥലവും വീടും സൗജന്യമായി തരപ്പെടുത്തി കൊടുക്കാമെന്നുപറഞ്ഞ് 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
സഹായവാഗ്ദാനം നൽകി വിശ്വസിപ്പിച്ച് വീട്ടുകാരോട് അടുത്തുകൂടിയ ബീനകമാരി തന്ത്രപൂർവ്വമാണ് പണം തട്ടിയെടുത്തത്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്ഐ റെജിരാജ് രാഷ്ട്രദീപികയോടു പറഞ്ഞു.
തട്ടിപ്പിന്റെ രാജ്ഞിയായ ബീനകുമാരിയുടെ ലീലാവിലാസങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ അറിഞ്ഞ വയോധിക പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപേ തട്ടിപ്പിനിരയായെങ്കിലും ബീനകുമാരിയെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ലാത്തതിനാൽ പരാതിപ്പെട്ടിരുന്നില്ല. സമാനരീതിയിലാണ് കലൂരിലെ വയോധികയിൽ നിന്നും ഇവർ മാല തട്ടിയെടുത്തത്.
രണ്ടായിരം മുതൽ തുടങ്ങിയ തട്ടിപ്പിൽ ആദ്യമായാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. സ്വന്തമായ മേൽവിലാസമില്ലാത്ത ഇവർ പലപല സ്ഥലങ്ങളിൽ വാടകയ്ക്ക് വീടെടുത്ത് തട്ടിപ്പ് നടത്തിയിരുന്നതിനാൽ പോലീസിന് ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൂടുതൽ പരാതികൾ ഇവർക്കെതിരെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.