ലോക ഫോട്ടോഗ്രഫി ദിനത്തിൽ ആറു പതിറ്റാണ്ടിന്റെ ഫോട്ടോഗ്രഫി അനുഭവങ്ങൾ പങ്കുവച്ച് ഏറ്റുമാനൂരിന്റെ സ്വന്തം ഫോട്ടോഗ്രഫർ പോൾ ചേട്ടൻ. സ്വന്തം സ്റ്റുഡിയോയുടെ പേരിൽ അറിയപ്പെടുന്ന അദ്ദേഹം നാട്ടുകാർക്ക് ബീന പോൾ ആണ്.
60 വർഷം മുമ്പ് അന്ന് നിർമാണം പൂർത്തിയാക്കിയ അതിരമ്പുഴ വലിയ പള്ളിയുടെ ഫോട്ടോ എടുത്താണ് തുടക്കം. ഫോട്ടോ എടുക്കുന്നതു കണ്ട വികാരി ഫാ. ജോസഫ് ഇത്തിപ്പറമ്പിൽ കോട്ടയത്ത് വിട്ട് ഫോട്ടോയുടെ പ്രിന്റ് എടുപ്പിച്ചു. ഈ ഫോട്ടോ പള്ളിയിൽ ലേലത്തിനു വച്ചു. അന്ന് ലേലത്തിൽ ഫോട്ടോയ്ക്ക് 56 രൂപ ലഭിച്ചു. ഇത് ഫോട്ടോഗ്രഫി പ്രഫഷനാക്കാൻ പ്രചോദനമായി.
ഏറ്റുമാനൂരിൽ ഉഴവൂർ സ്വദേശി ദാമോദരൻ നടത്തിയിരുന്ന ബീന സ്റ്റുഡിയോയിൽ പാർട്ണറായി. രണ്ടു വർഷത്തിനു ശേഷം ദാമോദരൻ ഒഴിവാകുകയും സ്റ്റുഡിയോ പൂർണമായും പോൾ ചേട്ടന്റേതാകുകയും ചെയ്തു.
പോളിന് പെൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ ബീന എന്ന് പേരിടണമെന്ന ദാമോദരന്റെ ആഗ്രഹവും സഫലമായി. അങ്ങനെ ബീന അദ്ദേഹത്തിന്റെ പേരിനോട് അലിഞ്ഞു ചേർന്നു. ബീന സ്റ്റുഡിയോ പ്രശസ്തിയിലേക്ക് ഉയർന്നതോടെ പോൾ, ബീന പോളായി മാറി.
ആലപ്പുഴ വാഗേശ്വരി ആൻഡ് കമ്പനിയിൽനിന്ന് ഓർഡർ കൊടുത്ത് വരുത്തിച്ച ഫീൽഡ് കാമറ (മുക്കാലി കാമറ) ആയിരുന്നു ആദ്യ കാമറ. ഒട്ടേറെ ഓർമകൾ സമ്മാനിക്കുന്ന ഈ കാമറ ഇന്നും അദ്ദേഹം പൂജ്യമായി സൂക്ഷിച്ചിരിക്കുന്നു.
ജപ്പാൻ കമ്പനിയായ യാഷിക്കയുടെ ബോക്സ് കാമറ, മാമിയ, റോളിഫ്ലക്സ് കമ്പനികളുടെ മാനുവൽ കാമറകൾ, പിന്നീട് സോണി, കാനോൻ, സ്യൂജി കമ്പനികളുടെ കാമറകൾ. ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ കാമറകൾ, മാനുവൽ, ഡിജിറ്റൽ കാമറകൾ എന്നിങ്ങനെ കാലം പുരോഗമിക്കുന്നതിനനുസരിച്ച് സംവിധാനങ്ങളും മാറിക്കൊണ്ടിരുന്നു.
ഈ മാറ്റങ്ങൾക്കിടയിലും ബീന സ്റ്റുഡിയോയും ബീന പോളും നാട്ടുകാരുടെ മനസിൽ പതിഞ്ഞ പേരുകളായി. ആഘോഷങ്ങൾ എന്തുമാകട്ടെ അവിടെ ബീന പോൾ ഒഴിവാക്കാനാകാത്ത ഘടകമായി മാറി. വാടകക്കെട്ടിടത്തിലാണ് ബീന സ്റ്റുഡിയോയുടെ തുടക്കം. 45 വർഷം മുമ്പ് നഗരഹൃദയത്തിൽ സ്ഥലം വാങ്ങി കെട്ടിടം പണിതു. അന്നു മുതൽ ബീന സ്റ്റുഡിയോ അവിടെയാണ്. ഇതിനിടെ ഏറ്റുമാനൂരിൽ തന്നെ മറ്റൊരു സ്റ്റുഡിയോ കൂടി തുടങ്ങി.
അതിരമ്പുഴ മാതിരമ്പുഴ കുടുംബാംഗമായ പോൾ ചേട്ടന്റെ മക്കളായ ബിനുവിനും ബിനേഷിനുമാണ് ഇപ്പോൾ സ്റ്റുഡിയോകളുടെ ചുമതല.