വേനൽകാലത്തെ മദ്യപാനം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വേനൽക്കാലത്ത് തണുത്ത ബീയർകുടിച്ചാൽ ആശ്വാസം നൽകുമെന്നത് തെറ്റായ ധാരണയാണെന്നും ചൂട് കൂടുതലുള്ള അവസരത്തിൽ ബീയർ പൂർണമായും ഒഴിവാക്കണമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു. കാരണം ഇത് നിർജലീകരണം സംഭവിക്കുവാൻ കാരണമാകുന്നു.
ശരീരത്തിൽ മദ്യം ചെല്ലുമ്പോൽ രക്തക്കുഴലുകൾ വികസിക്കുകയും ശരീരം അമിതമായി വിയർക്കുകയും മൂത്രം അസാധാരണമായി പോകുകയും ചെയ്യും. ഇത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുവാൻ കാരണമാകുന്നു. അത് നിർജലീകരണത്തിനും വഴിവയ്ക്കുന്നു.
ശരീരത്തിലെ ജലാംശം കുറയുന്നതോടെ വൃക്ക, ഹൃദയം എന്നീ അവയവങ്ങൾ തകരാറിലാകുമെന്നും തലച്ചോറിലെ ഹൈപ്പോതലാമസ് തകരാറിലാകുവാൻ സാധ്യതയുണ്ട്. മദ്യപിച്ച് വഴിയരികിൽ കിടക്കുന്നവരിൽ മരണം സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു. ഈ സമയം കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഫലം മരണമായിരിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നല്കുന്നു.
കൂടാതെ ചൂട് കാലത്ത് മാംസാഹാരങ്ങൾ ഒഴിവാക്കണമെന്നും പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉപയോഗിക്കണമെന്നും വിദഗ്ദർ നിർദേശിക്കുന്നു.