വടക്കഞ്ചേരി: മദ്യപരുടെ എണ്ണം പെരുകി ആക്രിസാധനങ്ങൾ വാങ്ങുന്ന സ്ഥലങ്ങളിൽ ഇപ്പോൾ മദ്യക്കുപ്പികളാണ് കൂടുതലായും കാണപ്പെടുന്നത്. പഴയ സാധനങ്ങൾ വാങ്ങുന്ന കേന്ദ്രങ്ങളിൽ ബിയർ കുപ്പികളാണ് കുന്നുകൂടുന്നത്. ഇതുമൂലം കുപ്പിയുടെ വിലയും വൻതോതിൽ ഇടിഞ്ഞു.
നേരത്തെ ബിയർ കുപ്പിക്ക് അഞ്ചുരൂപ വരെ വിലയുണ്ടായിരുന്നത് ഇപ്പോൾ കുപ്പിയൊന്നിന് അന്പതുപൈസയായി കുറഞ്ഞു.
ഇ്ത് പഴയ സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്നവർക്കും അടിയായി. രാവിലെ റോഡുകൾക്കിരുവശവും നോക്കിയാൽ ചാക്കുകണക്കിന് മദ്യക്കുപ്പികളുണ്ടാകും.
ബീവറേജ്സിന്റെ ഒൗട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നതിനടുത്തെ എല്ലാ പ്രധാനപാതയോരങ്ങളിലും ഉൗടുവഴികളിലും കുപ്പികൾക്ക് പഞ്ഞം വരില്ല.മദ്യപിച്ച് കുപ്പി പാടത്തേക്കോ കനാലിലേക്കോ പുഴയിലേക്കോ വലിച്ചെറിയും. കുപ്പിക്ക് നല്ല വിലകിട്ടിയിരുന്നതിനാൽ ദിവസവും രാവിലെ അത് പെറുക്കികൂട്ടുന്നവരും ഏറെപേരുണ്ടായിരുന്നു. എന്നാൽ കുപ്പിവില കുറഞ്ഞതോടെ പാതയോരങ്ങളിൽ കുപ്പിമാലിന്യവും പ്രശ്നമായി.