പാറ്റ്ന: ബിഹാറിൽ കയ്മുർ ജില്ലയിൽ പോലീസ് പിടിച്ചെടുത്തു സൂക്ഷിച്ച ബിയർ കാനുകൾ ശൂന്യമായി. ബിയർ കുടിച്ചുവറ്റിച്ചത് എലികളാണെന്ന് ഉദ്യോഗസ്ഥർ. രണ്ടു വർഷത്തിനിടെ പോലീസ് റെയ്ഡിൽ പിടിച്ചെടുത്ത 11,584 കുപ്പി ബിയറുകളാണ് ആവിയായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം പുറത്തുവരുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത മദ്യം നശിപ്പിക്കാനുള്ള നടപടിക്കു എത്തിയ ഉദ്യോഗസ്ഥരാണ് ഒഴിഞ്ഞ കുപ്പികൾ കണ്ട് ഞെട്ടിയത്.
സ്ട്രോംഗ് റൂമിൽ പരിശോധിച്ചപ്പോൾ എല്ലാ ബിയർ കുപ്പികളുടെ മുകളിലും തുളവീണതായി കാണാൻ കഴിഞ്ഞെന്നു സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കുമാരി അനുപമ പറഞ്ഞു. ബിയർ സൂക്ഷിച്ച കാർബോർഡ് പെട്ടികൾ പൊട്ടിച്ചപ്പോൾ കുപ്പികളുടെ മുകളിൽ വലിയ തുളകളാണ് കാണപ്പെട്ടത്.
എലികൾ കുപ്പികളിൽ തുളയിട്ടതോടെ ബിയർ ചോർന്നുപോയതാവുമെന്നും അവർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അവർ കൂട്ടിച്ചേർത്തു.