ബംഗളൂരു: കർണാടകയിൽ ഹനൂർ താലൂക്കിലെ അസിപുർ ഗ്രാമവാസികളെ ഒരു കരടി കുറച്ചൊന്നുമല്ല പേടിപ്പിച്ചത്. രാത്രിയിൽ ഭക്ഷണം തേടിയിറങ്ങുന്ന കരടി പെട്ടിക്കടകളും മറ്റും തകർത്ത് ആഹാരസാധനങ്ങൾ കഴിക്കുക പതിവായിരുന്നു. മുട്ടയും പഴവുമാണു കരടി അകത്താക്കിയിരുന്നത്.
മോഷ്ടാവ് ആരെന്ന് ആദ്യം ആർക്കും മനസിലായില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങളിൽനിന്നു കൊള്ളക്കാരൻ കരടിയാണെന്നു വ്യക്തമായി.
കരടി ഗ്രാമത്തിൽ എത്തുന്നതിന്റെയും കടകൾ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടതോടെ ഗ്രാമവാസികൾ രാത്രി വീടിനു പുറത്തിറങ്ങാതായിരുന്നു.
ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട് സ്ഥാപിച്ചു. ഒടുവിൽ കഴിഞ്ഞദിവസം കരടി കെണിയിൽ വീണു.
അതിനെ പിന്നീടു സുരക്ഷിതമായി ഉൾക്കാട്ടിൽ കൊണ്ടുവിട്ടു. കരടി പിടിയിലായതോടെ ഗ്രാമവാസികൾ ഇപ്പോൾ ആശ്വാസത്തിലാണ്. അടുത്തിടെയായി ഗ്രാമമേഖലകളിൽ വന്യമൃഗശല്യം വർധിച്ചിരിക്കുകയാണെന്നു നാട്ടുകാർ പറയുന്നു.