പതിനഞ്ചു വർഷം വിദേശത്ത് ജോലി ചെയ്ത് നേടിയതെല്ലം നഷ്ടമായി! തെന്നാടൻ ബീരാൻകുട്ടിക്ക് തിരിച്ചു കിട്ടിയത് ജീവൻ മാത്രം

എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ തെന്നാടൻ ബീരാൻകുട്ടിക്ക് ഒരായുസ് മുഴുവൻ നേടിയതെല്ലം നഷ്ടപ്പെട്ടപ്പോൾ തിരികെ കിട്ടിയത് ജീവൻ മാത്രം. അറുപത്തിമൂന്നുകാരനായ ബീരാൻകുട്ടിയും ഭാര്യ ആമിനയും ദുരന്തം നടക്കുന്നതിനു മണിക്കൂറുകൾക്ക് മുന്പാണ് ഭൂദാനത്തുള്ള മൂത്ത മകൾ ഷാഹിദയുടെ വീട്ടിലേക്കു മാറിയത്.

ഇരുനില വീടിനോടു ചേർന്നൊഴുകുന്ന കവളപ്പാറ തോട്ടിൽ വെള്ളം കലങ്ങി വന്നതും പ്രകൃതിയിലെ അസ്വഭാവികതയുമാണ് വീടുപേക്ഷിക്കാൻ ബീരാൻകുട്ടിക്ക് കാരണമായത്. ധരിച്ച വസ്ത്രം മാത്രമെടുത്ത് വീടുപേക്ഷിച്ച് പോന്ന് ഏതാനും മണിക്കൂറിനുള്ളിൽ മുത്തപ്പൻകുന്ന് ഉരുൾപൊട്ടലിൽ തകർന്നുവെന്ന വിവരമാണ് കേട്ടത്. രാത്രി ഇവിടേക്ക് വരാൻ കഴിഞ്ഞില്ല.

പിറ്റേദിവസമെത്തിയപ്പോഴാണ് പതിനഞ്ചു വർഷം മണലാരണ്യത്തിൽ ജോലി ചെയ്ത് നേടിയ വീടും അതിനുള്ളിലുള്ളവയെല്ലാം ദുരന്തത്തിൽ തകർന്നടിഞ്ഞ ഹൃദയഭേദകമായ കാഴ്ച കാണുന്നത്. ഉടുത്ത ലുങ്കിയും കീറിയ ഒരു ഷർട്ടും മാത്രമാണ് തനിക്ക് ബാക്കിയായത്.

പ്രമേഹ, പ്രഷർ രോഗിയായ തനിക്ക് രോഗവിവരങ്ങളുടെ ബുക്ക് പോലും എടുക്കാനായില്ല. ഭൂമിയുടെ രേഖകൾ, ആധാർ, തിരിച്ചറിയൽ, ആരോഗ്യ ഇൻഷ്വറൻസ് കാർഡുകൾ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്കുകൾ എല്ലാം മണ്‍കൂനയ്ക്കുള്ളിലായി. സ്വന്തമായുള്ള സ്കൂട്ടർ പോലുമെടുക്കാൻ കനത്ത മഴയായിരുന്നതിനാൽ കഴിഞ്ഞില്ല.

പതിനഞ്ചു വർഷം വിദേശത്ത് ജോലി ചെയ്ത് നേടിയ സന്പാദ്യംകൊണ്ടു നാലു പെണ്‍മക്കളെ കെട്ടിച്ചയക്കുകയും ഒരു സ്വപ്ന വീട് പണിയുകയും ചെയ്തു. ഇതാണിപ്പോൾ ഇല്ലാതായിരിക്കുന്നത്. കവളപ്പാറ കുന്നിലെ കൂറ്റൻ പാറ താഴേക്ക് പതിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത മുത്തപ്പൻകുന്നാണ് നാടിനെ ദുരന്തത്തിൽ വിഴുങ്ങിയതെന്നു ബീരാൻകുട്ടി പറയുന്നു.

 

Related posts