ജോർജിയ: സ്റ്റോറിൽ നിന്നു രണ്ടു കേസ് ബിയർ മോഷ്ടിച്ചതിനുശേഷം പുറത്തു കടക്കുന്നതിനിടയിൽ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തിയ റെ ജഫർസണ്‍ ക്രൊമാർട്ടിയുടെ(52) വധശിക്ഷ ജാക്സണ് സ്റ്റേറ്റ് പ്രിസണിൽ നവംബർ 13 ബുധനാഴ്ച രാത്രി 10.59ന് നടപ്പാക്കി.
ഇരുപത്തിയഞ്ചു വർഷം മുന്‍പ് 1994 ഏപ്രിൽ 10നായിരുന്ന സംഭവം. ജോർജിയ-ഫ്ളോറിഡ ലൈനിലെ കണ്‍വീനിയൻസ് സ്റ്റോറിൽ ക്രൊമാർട്ടിയുൾപ്പെടെ രണ്ടുപേരാണ് അതിക്രമിച്ചു കയറിയതും സ്റ്റോറിലെ ബിയർ മോഷ്ടിച്ചതിനുശേഷമാണ് സ്റ്റോർ ക്ലാർക്കിനെ നേരെ വെടിയുയർത്തത്.
വധശിക്ഷ മാറ്റിവയ്ക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളിയതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും, ചാപ്ലിയനെ പ്രാർഥിക്കാൻ അനുവദിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു.
വിഷമിശ്രിതം സിരകളിലേക്കു പ്രവഹിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു. ജോർജിയായിൽ ഈ വർഷം നടപ്പാക്കിയ മൂന്നാമത്തെ വധശിക്ഷയാണിത്. അമേരിക്കയിലെ ഇരുപതാമത്തേയും. ഈ വർഷം അഞ്ചുപേരുടെ കൂടെ വധശിക്ഷ നടപ്പാക്കേണ്ടതുണ്ട്. വധശിക്ഷക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലും അമേരിക്കയിൽ നിർബാധം തുടരുകയാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ