ഒടുവിൽ ബിറ്റ്കോയിൻ പതിനായിരം ഡോളർ കടക്കുന്നു. എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചു നിക്ഷേപകർ ഭ്രാന്തമായ ആവേശത്തോടെ ബിറ്റ്കോയിൻ കുഴിച്ചെടുക്കുകയാണ്. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ബിറ്റ്കോയിൻ വില 15 ശതമാനമാണ് ഉയർന്നത്. തിങ്കളാഴ്ച 9,800 ഡോളറിനു മുകളിലായി.
ഇതോടെ ബിറ്റ്കോയിന്റെ മൊത്തം വിപണിമൂല്യം 16,000 കോടി ഡോളർ (10.4 ലക്ഷം കോടി രൂപ) കടന്നു. ജനറൽ ഇലക്ട്രിക് (ജിഇ) എന്ന അമേരിക്കൻ വ്യവസായ ഭീമന്റെ വിപണിമൂല്യത്തേക്കാൾ കൂടുതലാണത്. 2.95 ലക്ഷം ജീവനക്കാരും 12,300 കോടി ഡോളർ വിറ്റുവരവും ഉള്ളതാണ് ജിഇ. ബിറ്റ്കോയിന്റെ വിപണിമൂല്യത്തേക്കാൾ കുറവാണ് ഐബിഎം, മക്ഡൊണാൾഡ്സ്, ഡിസ്നി തുടങ്ങിയ കന്പനികളുടേത്.
ബിറ്റ്കോയിൻ അടക്കമുള്ള വർച്വൽ കറൻസികളെ കേന്ദ്രബാങ്കുകൾ ഒന്നും അംഗീകരിച്ചിട്ടില്ല. ഇതൊരു കുമിളയാണെന്നു മിക്ക കേന്ദ്ര ബാങ്കുകളും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഷിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ചിൽ ബിറ്റ്കോയിന്റെ അവധിക്കച്ചവടം ഉള്ളതാണ് യഥാർഥ ബിസിനസ് ലോകത്തെ ഇതിന്റെ ഏക സാന്നിധ്യം.അവരും ഇത് ഊഹക്കച്ചവടക്കാരുണ്ടാക്കുന്ന കുമിളയാണെന്ന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എങ്കിലും ലക്ഷക്കണക്കിനു പേർ ഈ വർച്വൽ കറൻസികളിൽ നിക്ഷേപിക്കുന്നു.
ക്രിപ്റ്റോ കറൻസികൾ
ഒരു ക്രിപ്റ്റോ കറൻസി, അതായത് രഹസ്യകോഡിലൂടെ ഡിജിറ്റലായി ലഭിക്കുന്ന കറൻസി. ഇതുപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്താം. 2009 ജനുവരി മൂന്നിനാണ് ബിറ്റ്കോയിൻ തുടക്കം. പിന്നീട് എതേറിയം അടക്കം വേറേ പല ക്രിപ്റ്റോ കറൻസികളും വന്നു. സടോഷി നകാമോട്ടോ എന്നയാളുടേതായി പറയപ്പെടുന്ന ഒരു പ്രബന്ധത്തിലാണ് ഇതിന്റെ വിശദീകരണം. ഇയാൾ പിന്നീട് ഗാവിൻ ആൻഡ്രേസൻ എന്നയാൾക്ക് ബിറ്റ്കോയിൻ ഖനനത്തിന്റെ മേൽനോട്ടം ഏൽപ്പിച്ചെന്നു പറയപ്പെടുന്നു.
“ഖനനം’’ വഴിയാണ് ബിറ്റ്കോയിൻ ലഭിക്കുക. കംപ്യൂട്ടർ പ്രോഗ്രാമിൽ അധിഷ്ഠിതമാണിത്. ഓരോ പത്തു മിനിറ്റിലും ഏതെങ്കിലും ആൾക്ക് ഒരു ബിറ്റ്കോയിൻ അവകാശം ലഭിക്കും. ഇതിനു കുഴിക്കലുകാരുടെയും ബിറ്റ്കോയിൻ നിയന്ത്രാക്കളുടെയും സെർവറുകൾ നിശ്ചിത പ്രോഗ്രാം പ്രവർത്തിപ്പിക്കണം. 2040 ആകുന്പോഴേക്കും 2.1 കോടി ബിറ്റ്കോയിനുകളേ കുഴിച്ചെടുക്കാനാകൂ. ഈ പരിധി മാറ്റാൻ പറ്റില്ലെന്നു പറയുന്നു.
പിരമിഡ് സ്കീമുകൾ പോലെ തട്ടിപ്പാണ് ഇവയെന്നു പല ധനശാസ്ത്രജ്ഞരും പറയുന്നു.
ബിറ്റ്കോയിൻ നിക്ഷേപജ്വരം
ബിറ്റ്കോയിനിലുള്ള ഊഹക്കളി വളരെ വ്യാപകമാണ്. ഇതേപോലുള്ള മറ്റു ക്രിപ്റ്റോ കറൻസികളിലും ഊഹക്കച്ചവടം നടക്കുന്നു. ആയിരക്കണക്കിനുപേർ ഇന്ത്യയിലും ബിറ്റ്കോയിൻ നിക്ഷേപകരായുണ്ട്.
ബിറ്റ്കോയിൻ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ സഹായിക്കുന്നതെന്നു പറയുന്ന ഏതാനും സൈറ്റുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കു പണം (രൂപതന്നെ) നല്കിയാൽ നിശ്ചിതസംഖ്യ ബിറ്റ്കോയിൻ അല്ലെങ്കിൽ മറ്റു വർച്വൽ കറൻസികൾ ലഭിക്കും. പിന്നീടു ലാഭത്തിൽ വിൽക്കാം എന്നാണു വാഗ്ദാനം.
റിസർവ് ബാങ്ക് ഇവയെപ്പറ്റി പഠിച്ചു നയവും നിയന്ത്രണവും തീരുമാനിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.പ്പാനിലും ഫിലിപ്പീൻസ് അടക്കം മറ്റു ചില രാജ്യങ്ങളിലും ബിറ്റ്കോയിൻ കൈമാറ്റം പരിമിതമായ തോതിൽ അനുവദിച്ചിട്ടുണ്ട്.