ബിറ്റ്കോയിൻ ജ്വരം വ്യാപിച്ചതോടെ വിലയിൽ വലിയ ചാഞ്ചാട്ടം. അപായകരമായ നിലയിലാണ് കുമിള എത്തിയിരിക്കുന്നതെന്നു വിദഗ്ധർ മുന്നറിയിപ്പു നല്കുന്നു. എന്നാൽ, അതു വകവയ്ക്കാതെ ആയിരങ്ങൾ നല്ല കറൻസി മുടക്കി ഈ ഓൺലൈൻ ഗൂഢകറൻസി വാങ്ങുന്നു. വർച്വൽ കറൻസി വാങ്ങി ഇലക്ട്രോണിക് വാലറ്റുകളിൽ സൂക്ഷിച്ചും വിറ്റും നേട്ടമുണ്ടാക്കാൻ ലോകമെങ്ങും അമിതാവേശമാണ്.
ഇന്നലെ ദക്ഷിണകൊറിയയിൽ 19,000 ഡോളറിനു തുല്യമായ കൊറിയൻ നാണയത്തിലായിരുന്നു വ്യാപാരം. യൂറോപ്പിനെ അപേക്ഷിച്ചു ചൈന, റഷ്യ എന്നിവിടങ്ങളിലാണ് വലിയ ആവേശം. അമേരിക്കയിലെ ഷിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ചും (സിഎംഇ), ഷിക്കാഗോ ബോർഡ് ഓഫ്ഷൻസ് എക്സ്ചേഞ്ചും (സിബിഒഇ) ഞായറാഴ്ച ബിറ്റ്കോയിൻ അവധിവ്യാപാരം തുടങ്ങുന്നതാണ് ഇപ്പോഴത്തെ ഭ്രാന്തമായ ആവേശത്തിനു കാരണം.
ഒരാഴ്ചകൊണ്ടാണ് 10,000 ഡോളറിൽനിന്ന് 17,364 ഡോളറിലേക്ക് ബിറ്റ്കോയിൻ കയറിയത്. പിന്നീട് 14,794 വരെ താഴ്ന്നിട്ട് വീണ്ടും കയറി. രൂപയിൽ വില 11 ലക്ഷം കടന്നു. ഉടമസ്ഥതയോ അടിസ്ഥാനമായി സ്വർണമോ വെള്ളിയോ ഗവൺമെന്റുകളുടെ പിൻബലമോ അംഗീകാരമോ ഇല്ലാത്തതാണു ബിറ്റ്കോയിൻ.
ടുലിപ് ജ്വരം
1636-37ൽ നെതർലൻഡ്സിൽ ടുലിപ് കിഴങ്ങിനുണ്ടായ യുക്തിരഹിതമായ വിലക്കയറ്റംപോലൊന്നാണ് ബിറ്റ്കോയിനിലേത്. ടുലിപ് ചെടിയുടെ ഒരു കിഴങ്ങിന് ആംസ്റ്റർഡാം നഗരപ്രാന്തത്തിലെ പന്ത്രണ്ട് ഏക്കർ ഭൂമി നല്കിയവരുണ്ട്. വിദഗ്ധ തൊഴിലാളിക്ക് പ്രതിവർഷം 350 ഫ്ലോറിൻ (ഡച്ച് കറൻസി) കൂലി കിട്ടുന്ന സമയത്ത് 2,500 ഫ്ലോറിൻ ആയിരുന്നു ഒരു കിഴങ്ങിനു വില. 1636 നവംബറിൽ ആരംഭിച്ച ടുലിപ് ജ്വരം 37 ഫെബ്രുവരി ഒൻപതിനു പൊടുന്നനെ അവസാനിച്ചപ്പോൾ ആംസ്റ്റർഡാമിലെ നിരവധി സന്പന്നരാണ് വിലയില്ലാത്ത കിഴങ്ങിനുവേണ്ടി ജീവിതസന്പാദ്യമത്രയും നഷ്ടപ്പെടുത്തിയത്.
എന്താണു ബിറ്റ്കോയിൻ?
ഇതു നാണയമോ കറൻസിയോ അല്ല. ഇതിനു കേന്ദ്ര അധികാരകേന്ദ്രവും ഇല്ല. സങ്കീർണമായ ചില കംപ്യൂട്ടർ പ്രോഗ്രാമുകളിലൂടെ “കുഴിച്ചെടുക്കു’’ന്നതാണ് ബിറ്റ്കോയിൻ എന്ന ഓൺലൈൻ വർച്വൽ കറൻസി. ഗൂഢഭാഷയിലാണ് ഇതു തയാറാക്കിയിരിക്കുന്നത് എന്നതുകൊണ്ട് ഗൂഢകറൻസി എന്നും പേരുണ്ട്.
തുടക്കം എങ്ങനെ?
2009 ജനുവരി മൂന്നിനു തുടങ്ങി. സടോഷി നകാമോട്ടോ എന്നൊരാളാണ് സ്ഥാപകൻ എന്നു പറയുന്നു. പക്ഷേ, ഇങ്ങനെയൊരാളെ ആർക്കുമറിയില്ല. കുറേ പ്രോഗ്രാമർമാർ ചേർന്നു നടത്തുന്നതാണെന്നു സംശയമുണ്ട്. ഇതൊരു പേമെന്റ് (പണകൈമാറ്റം) സംവിധാനമാണെന്നും പറയുന്നു.
എങ്ങനെ വാങ്ങാം?
ബിറ്റ്കോയിൻ അടക്കം പല ഗൂഢകറൻസികളുണ്ട്. ഇവയുടെ വ്യാപാരം നടത്തുന്ന ഓൺലൈൻ എക്സ്ചേഞ്ചുകളുണ്ട്. അവയിൽ പ്രവേശിച്ച് ഒരു വാലറ്റ് (വർച്വൽ പണസഞ്ചി അഥവാ അക്കൗണ്ട്) തുടങ്ങണം. സാധാരണ കറൻസി നല്കിയാൽ ബിറ്റ്കോയിൻ കിട്ടും. അതു വാലറ്റിൽ രേഖപ്പെടുത്തും. അതു വിൽക്കാം. കൂടുതൽ വാങ്ങാം. വിറ്റുമാറുന്ന പണം സാധാരണ കറൻസിയായി ലഭിക്കും എന്നു പറയപ്പെടുന്നു.
ഇതിന് ആധാരം എന്ത്?
ബിറ്റ്കോയിനും മറ്റും അടിസ്ഥാനമായി ഒന്നുമില്ല. വാങ്ങാൻ വരുന്ന ആൾക്കാർ കൂടുതൽ വില നല്കുന്നു. വില കൂടുന്നു. അത്രമാത്രം. രണ്ടുവർഷം മുൻപ് മൗണ്ട് ഗോക്സ് എന്ന എക്സ്ചേഞ്ച് തകർന്നപ്പോൾ ഇടപാടുകാർക്കു ഭീമമായ നഷ്ടം വന്നു. പരാതി പറയാൻ ഒരു സംവിധാനവുമില്ല.
പല എക്സ്ചേഞ്ചുകൾ
ബിറ്റ്കോയിൻ അടക്കമുള്ള ഗൂഢകറൻസി ഇടപാടുകൾ നടത്തുന്ന നിരവധി ഓൺലൈൻ എക്സ്ചേഞ്ചുകളുണ്ട്. ഗവൺമെന്റ് അംഗീകൃതമായ ഒന്നുമില്ല.