ന്യൂയോർക്ക്: ബിറ്റ്കോയിൻ അവധിവ്യാപാരം ആരംഭിച്ചതോടെ വില വീണ്ടും ഉയർന്നു. മൂന്നു മാസത്തെ അവധിവില 19,040 ഡോളറായി. സ്പോട്ട് വില 16,650 ഡോളർ മാത്രമാണ്. ഒരു മാസത്തെ അവധിവില 17,750 ഡോളറായി.
ഷിക്കാഗോ ബോർഡ് ഓപ്ഷൻസ് എക്സ്ചേഞ്ച് (സിബിഒഇ) ആണു ഞായറാഴ്ച അവധിവ്യാപാരം തുടങ്ങിയത്. അടുത്തയാഴ്ച ഷിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ചി(സിഎംഇ)ലും അവധിവ്യാപാരം തുടങ്ങും. നിലവിലെ കാലാവധിക്കുശേഷം എന്തു വിലയ്ക്കു ബിറ്റ്കോയിൻ വാങ്ങും എന്നാണ് അവധിവ്യാപാരത്തിൽ കരാർ ഉണ്ടാക്കുന്നത്.
വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ ബിറ്റ്കോയിൻ എന്ന ഇലക്ട്രോണിക് ഗൂഡ കറൻസിയെപ്പറ്റി മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ട്. ഇന്ത്യയുടെ റിസർവ് ബാങ്ക് ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നതിനെതിരേ മുന്നറിയിപ്പു നല്കി.
നിക്ഷേപ വിദഗ്ധനും നിരവധി കാര്യങ്ങൾ പ്രവചിച്ചിട്ടുള്ളയാളുമായ നിസിം നിക്കോളാസ് താലെബ് ബിറ്റ്കോയിൻ വില ഒരു ലക്ഷം ഡോളർ കടക്കുമെന്നു പ്രവചിച്ചു. ബിറ്റ്കോയിൻ നിക്ഷേപകുമിള അല്ലെന്നാണു ലബനനിൽ ജനിച്ച് അമേരിക്കയിലെത്തിയ ഈ ഗ്രന്ഥകാരൻ പറഞ്ഞത്. “കറുത്ത അരയന്നം’ എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ ആളാണു താലെബ്.
ലോകത്തിലെ ആദ്യത്തെ ബിറ്റ്കോയിൻ ശതകോടീശ്വരന്മാരായ വിങ്ക്ലെവോസ് ഇരട്ടകളിലെ കാമറോൺ ബിറ്റ്കോയിനു ലക്ഷം കോടി ഡോളർ വിലവരുമെന്നാണു പറയുന്നത്. ബിറ്റ്കോയിനുകളുടെ എണ്ണം പരിമിതമായി നിശ്ചയിച്ചതിനാൽ സ്വർണംപോലെ വിലയേറിയതാകും ഇത് എന്നാണു കാമറോണും ഇരട്ട സഹോദരൻ ടൈലറും പറയുന്നത്.
ഇന്ത്യയിൽ 11.9 ലക്ഷം രൂപയ്ക്കു മുകളിലായി ബിറ്റ്കോയിൻ വില.