കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റി ഓക്സിഡൻറുകളും ധാരാളം. ജലത്തിൽ ലയിക്കുന്ന തരം നാരുകളുമുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുന്പ്, വിറ്റാമിൻ എ, ബി6, സി, ഫോളിക്കാസിഡ്, സിങ്ക്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ…. പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്.
ബീറ്റ്റൂട്ടിലുളള ആന്റിഓക്സിഡൻറുകളും ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും കാൻസർസാധ്യത കുറയ്ക്കുന്നു. പാകപ്പെടുത്തിയും പച്ചയ്ക്കു സാലഡാക്കിയും ജ്യൂസാക്കിയും ബീറ്റ്റൂട്ട് കഴിക്കാം. ചർമത്തിന്റെ ആരോഗ്യത്തിനു ബീറ്റ്റൂട്ടിന്റെ ആൻറി ഇൻഫ്ളമേറ്ററിസ്വഭാവം സഹായകം. രക്തശുദ്ധിക്കും സഹായകം.
വിളർച്ചയ്ക്കു പരിഹാരമോ?
ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ നിർമാണത്തിന് ഇരുന്പ് അവശ്യം. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ഇരുന്പ് വേണം.
ഹീമോഗ്ലോബിന്റെ തോതു കുറയുന്പോഴാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ബീറ്റ്റൂട്ടിൽ ഇരുന്പ് ഇഷ്ടംപോലെ; ബീറ്റ്റൂട്ടിൽ അടങ്ങിയ കോപ്പർ ഇരുന്പിന്റെ ആഗിരണം കാര്യക്ഷമമാക്കുന്നു.
മാർക്കറ്റിൽ നിന്നു വാങ്ങിയ ബീറ്റ്റൂട്ട് പുളിവെള്ളത്തിലോ വിനാഗരി കലർത്തിയ വെള്ളത്തിലോ ഒരു മണിക്കൂറെങ്കിലും മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചതിനു ശേഷമേ ആഹാരത്തിന് എടുക്കാവൂ.
കൊളസ്ട്രോൾ കുറയ്ക്കുമോ?
ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അഥവാ എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കുന്നതിനു ബീറ്റ്റൂട്ട് ഗുണപ്രദം. ബീറ്റ്റൂട്ടിലെ കരോട്ടിനോയ്ഡ്്, ഫ്ളേവനോയ്ഡ് എന്നിവ ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കുന്നു. ബീറ്റ് റൂട്ടിലെ നാരുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.
ഹൃദയത്തിനു ഗുണപ്രദമോ?
ബീറ്റ്റൂട്ടിൽ ഉയർന്ന തോതിൽ നൈട്രേറ്റുണ്ട്.ശരീരം നൈട്രേറ്റിനെ നൈട്രൈറ്റും നൈട്രിക്് ഓക്സൈഡുമാക്കി മാറ്റുന്നു.
ഇവ രക്തധമനികളുടെ ഉൾവ്യാസം വർധിപ്പിക്കുന്നു. രക്തസമ്മർദം കുറയ്ക്കുന്നു. രക്തസമ്മർദം നിയന്ത്രിതമായാൽ സ്ട്രോക്ക്, ഹൃദയാഘാത, ഹൃദ്രോഗ സാധ്യത കുറയും.
എല്ലുകളുടെ ആരോഗ്യത്തിനു സഹായകമോ?
കായികവും മാനസികവുമായ കരുത്ത്. അതാണു സ്റ്റാമിന. അതു കൂട്ടുന്നതിനു ബീറ്റ്റൂട്ട് സഹായകം. എല്ലുകളുടെ മാത്രമല്ല പല്ലുകളുടെ കരുത്തിനും ബീറ്റ്റൂട്ട് സഹായകം.
ആരോഗ്യവും കരുത്തുമുളള എല്ലുകൾക്ക് അവശ്യമായ പോഷകമാണു കാൽസ്യം. എല്ലുകളുടെ ആരോഗ്യത്തിനു സഹായകമായ ഫോളേറ്റ്, വിറ്റാമിൻ സി, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ എന്നീ പോഷകങ്ങളും ബീറ്റ്റൂട്ടിൽ ധാരാളം. ബീറ്റ്റൂട്ട് പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുള്ള സാധ്യത കുറയ്ക്കാം.
കരളിനു സപ്പോർട്ടാണോ?
ബീറ്റ്റൂട്ട് ജ്യൂസ് ഡീ ടോക്സിഫിക്കേഷൻ പ്രവർത്തനങ്ങളിൽ കരളിനു സഹായിയാണ്. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന വിവിധതരം വിഷമാലിന്യങ്ങളെ ശരീരത്തിൽ നിന്നു പുറന്തളളുന്ന പ്രവർത്തനമാണ് ഡീ ടോക്സിഫിക്കേഷൻ. കരൾ, കുടൽ, ചർമം, വൃക്കകൾ എന്നിവ ഈ ജോലി നിർവഹിക്കുന്നു.
ബീറ്റ് റൂട്ട് അടങ്ങിയ വിഭവങ്ങൾ കരളിന്റെ ആരോഗ്യത്തിനു സഹായകം. മദ്യാസക്തി, പ്രോട്ടീന്റെ കുറവ് എന്നിവ മൂലം കരളിൽ ഫാറ്റ് അടിഞ്ഞുകൂടുന്ന ഫാറ്റിലിവറിൽ നിന്നു കരളിനെ സംരക്ഷിക്കുന്നതിനും ബീറ്റ്റൂട്ട് ജ്യൂസ് സഹായകം.
ഫോളിക് ആസിഡ് എന്തിന്?
തലച്ചോറിലേക്കുളള രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ബീറ്റ്റൂട്ട്് സഹായകം. പ്രായമായവരെ ഡിമെൻഷ്യ(ഓർമക്കുറവ്) എന്ന ആരോഗ്യപ്രശ്നത്തിൽ നിന്നു സംരക്ഷിക്കുന്നു. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ് ധാരാളം. ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സഹായകം.