ആലപ്പുഴ: ബി.ആർ. പ്രസാദ് മറയുമ്പോൾ മലയാളത്തിനു നഷ്ടമാകുന്നത് കുട്ടനാടൻ നന്മയുടെ ഗ്രാമഭംഗി നിറഞ്ഞ പാട്ടുകളെഴുതിയ കവിയെ.
നാട്ടുനന്മകളും നാടൻഭംഗിയും മനസിൽ നിറച്ച് ഹൃദയസമ്പന്നതയുടെ ധാരാളിത്തമുള്ള പ്രകാശനമായിരുന്നു ബി.ആർ. പ്രസാദിന്റെ പാട്ടുകൾ.
കേരനിരകളാടും എന്ന കുട്ടനാടൻ ഭംഗി വർണിക്കുന്ന പാട്ട് കേരളത്തിന്റെ വർണവരികളായാണ് ലോകം മുഴുവൻ മലയാളികൾ ഏറ്റെടുത്തത്.
നിറഞ്ഞ സൗഹൃദവും ആത്മാർഥമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിൽ സൂക്ഷിച്ചിരുന്നതായി സുഹൃത്തുക്കൾ.
കുട്ടനാടൻ ഗ്രാമീണതയെ ജനപ്രിയ ചലച്ചിത്ര ഗാനങ്ങളിൽ ഇത്രയേറെ സന്നിവേശിപ്പിച്ച് ശ്രോതാക്കളെ രസിപ്പിച്ച ഗാനരചയിതാവായിരുന്നു ബി.ആർ. പ്രസാദ്.
ചലച്ചിത്ര ലോകത്തെ വെള്ളിവിഹായസുകൾ തുറന്നുകിട്ടിയിട്ടും കുട്ടനാടൻ പാടശേഖരം വിട്ടുപോകാതെ അതിന്റെ കുതൂഹലങ്ങളിൽ ആസ്വദിച്ചു കഴിയാനാണ് കവി കൂടിയായിരുന്ന പ്രസാദ് ശ്രമിച്ചത്.
കിളിച്ചുണ്ടൻ മാമ്പഴം, പട്ടണത്തിൽ സുന്ദരൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, ജലോത്സവം, വെട്ടം, ഇവര്‍, വാമനപുരം ബസ്റൂട്ട്, ഇരുവട്ടം മണവാട്ടി, ട്വിങ്കിള്‍ ടിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട് തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ പാട്ടുകൾ ഒരുക്കി.
മലയാള ടെലിവിഷൻ രംഗത്തെ ആദ്യകാല അവതാരകരിൽ ഒരാളുമായിരുന്നു.കുട്ടനാട്ടിലെ മങ്കൊമ്പിൽ 1961 ലാണ് പ്രസാദിന്റെ ജനനം.
കലയോടും സാഹിത്യത്തോടും ചെറുപ്പം മുതൽ താത്പര്യമുണ്ടായിരുന്ന പ്രസാദ് മലയാള സാഹിത്യത്തിലാണ് ബിരുദമെടുത്തത്.
പ്രിയദർശന്റെ സംവിധാനത്തിൽ 2003 ൽ പുറത്തെത്തിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയായിരുന്നു പാട്ടെഴുത്തിൽ പ്രശസ്തനായത്.
സീതാ കല്യാണം എന്ന ചിത്രത്തിനായിരുന്നു ആദ്യം പാട്ടെഴുതിയത്. പക്ഷേ ആ ചിത്രം റിലീസായത് വർഷങ്ങൾ കഴിഞ്ഞാണ്.
കഥ പറഞ്ഞു തുടങ്ങി,പാട്ടെഴുത്തിൽ തിളങ്ങി
മങ്കൊമ്പ്: മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തിൽ കഥയെഴുതിത്തുടങ്ങിയപ്പോഴാണ് ബി.ആർ. പ്രസാദ് എന്നു പേരുമാറ്റിയത്. ചെറുപ്പത്തിൽത്തന്നെ കഥ പറയാൻ മിടുക്കൻ.
കഥയെഴുതിയായിരുന്നു സിനിമയിലും തുടക്കം. 1993ൽ ജോണി എന്ന കുട്ടികളുടെ ചിത്രത്തിനായി തിരക്കഥ എഴുതി രംഗപ്രവേശം ചെയ്യാൻ ഇടവന്നതും കഥ പറയാനുള്ള ആ വൈഭവം.
സംസാരപ്രിയനുമായിരുന്നു പ്രസാദെന്നു സുഹൃത്തുക്കൾ ഓർക്കുന്നു. ടിവിയിൽ അവതാരകനായി തിളങ്ങിയതും ഈ സംസാരത്തിലെ സരള ശൈലിയാൽത്തന്നെ.
ബി. രാജേന്ദ്രപ്രസാദ് എന്ന പേരിൽ മറ്റൊരു എഴുത്തുകാരനുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പേര് ബീയാർ പ്രസാദ് എന്നു പരിഷ്കരിച്ചത്.
സംഗീതവും താളവാദ്യവും ചെറുപ്പത്തിൽ ഇഷ്ടമായി കൊണ്ടുനടന്നു. കുട്ടിക്കാലം മുതൽ കവിതാസ്വാദകനായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളെഴുതി.
ഇരുപത്തൊന്നാം വയസിൽ ആട്ടക്കഥയെഴുതി. പിന്നീട് ‘ഷഡ്കാല ഗോവിന്ദമാരാർ’ എന്ന നാടകത്തിനു തിരുവനന്തപുരത്തെ നാടക മത്സരത്തിൽ മികച്ച രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചു.
എംടിയുടെ ആശിർവാദത്തോടെ അതു സിനിമയാക്കാൻ ഒരുക്കം നടത്തിയെങ്കിലും നടന്നില്ല. പിന്നീട് ഭരതനുമായുള്ള അടുപ്പത്തിൽ അദ്ദേഹത്തിന്റെ ‘ചമയം’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി. അതിന്റെ തിരക്കഥയെഴുത്തിൽ ജോൺ പോളിന്റെ സഹായിയുമായി.
സിബി മലയിൽ ചിത്രത്തിലെ ‘കേരനിരകളാടും…’ എന്ന ഗാനം മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങി. കേരളപ്പിറവിക്കു ശേഷമുള്ള, കേരളീയതയുള്ള പത്തു പാട്ടുകൾ ആകാശവാണി തെരഞ്ഞെടുത്തപ്പോൾ അതിൽ രണ്ടാമത് ഈ ഗാനമായിരുന്നു.
ചലച്ചിത്രങ്ങൾക്കും ആല്‍ബങ്ങൾക്കും അടക്കം ഇരുനൂറോളം ഗാനങ്ങൾ എഴുതി.15 വർഷത്തോളം ചാനൽ അവതാരകനായിരുന്നു. ചന്ദ്രോത്സവം എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തനി കുട്ടനാട്ടുകാരൻ; ചാവറയച്ചനെ പ്രഘോഷിച്ച പ്രഭാഷകൻ
മങ്കൊമ്പ്: മലയാളത്തിനു കുട്ടനാടിന്റെ സംഭാവനയായിരുന്ന മറ്റൊരു അതുല്യ കലാകാരൻകൂടി യാത്രയായി. പ്രശസ്തിയുടെ കൊടുമുടികൾ കയറുമ്പോഴും നാട്ടിലെത്തിയാൽ തനി കുട്ടനാട്ടുകാരനായിരുന്നു ബീയാർ.
ചലച്ചിത്ര, ടെലിവിഷൻ, സാഹിത്യരംഗത്തെ പ്രമുഖരുമായി ചങ്ങാത്തമുള്ളപ്പോഴും നാട്ടിലെത്തിയാൽ താരജാഡകളില്ലാതെ നാട്ടുമ്പുറത്തെ സാധാരണക്കാരുമായിട്ടായിരുന്നു സൗഹൃദം. കള്ളിമുണ്ടുമുടുത്തു വൈകുന്നേരങ്ങളിൽ കവലയിൽ സാന്നിധ്യമറിയിച്ചിരുന്നു.
ചലച്ചിത്രഗാനരംഗത്തു അദ്ദേഹത്തിനു പ്രശസ്തി നേടിക്കൊടുത്ത ഗാനങ്ങളിലും ബീയാറിലെ ഗ്രാമീണനെ തിരിച്ചറിയുന്നവയായിരുന്നു. കോളജ് പഠനകാലത്തുതന്നെ അധ്യാപകനെന്ന നിലയിൽ മികവു തെളിയിച്ചിരുന്നു.
പഠനശേഷം കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ പാരലൽ കോളജ് അധ്യാപകനായി. ഇക്കാലയളവിൽ സുഹൃത്തുക്കൾക്കൊപ്പം ഏകാങ്ക നാടക അവതരണത്തിലൂടെ കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലും ശ്രദ്ധേയനായി.
സിനിമ മേഖലയിലെ ഇടവേളകളിൽ കേരളത്തിലുടനീളം പ്രഭാഷകനെന്ന നിലയിൽ സാന്നിധ്യമറിയിച്ചു. കേരള നവോത്ഥാനത്തിൽ ചാവറയച്ചൻ വഹിച്ച പങ്ക് കേരളത്തിലുടനീളം പ്രസംഗിച്ചവരിൽ പ്രമുഖനായിരുന്നു ബീയാർ പ്രസാദ്. ചാവറയച്ചനെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് സദസുകൾ സ്വീകരിച്ചത്.