ആലുവ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്ഷേത്രങ്ങളിൽനിന്നും മറ്റും കുടിയൊഴിപ്പിക്കപ്പെട്ട ഭിക്ഷാടന സംഘങ്ങൾ ആലുവ നഗരം കീഴടക്കിയ മട്ടിലാണ്.
ആലുവ ശിവരാത്രി മണപ്പുറത്ത് തമ്പടിച്ചിരുന്ന ഇവരെ അൻവർ സാദത്ത് എംഎൽഎയുടെയും നഗരസഭ അധികൃതരുടേയും ശ്രമഫലമായി കെയർ കാമ്പുകളിലേക്ക് മാറ്റുകയും പരിശോധനകളടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്തിരുന്നു.
ആലുവ മഹാത്മഗാന്ധി ടൗൺ ഹാൾ, ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ഇവർക്കായി സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. മണപ്പുറത്ത് നിന്നടക്കം നഗരത്തിൽ ചുറ്റിക്കറങ്ങി നടന്നിരുന്ന ഭിക്ഷാടന സംഘത്തിൽപ്പെട്ട 220ഓളം പേരേ കാമ്പിലെത്തിക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു.
എന്നാൽ ഇവരിൽ 80ഓളം പേർ മാത്രമാണ് കാമ്പിലുള്ളത്. മദ്യശാലകൾ തുറന്നതോടെയാണ് ഇവരിലധികവും പേർ കാന്പുകളിൽനിന്ന് പോയത്.
എസ്എസ്എൽസി പരീക്ഷയ്ക്കായി ഗേൾസ് സ്കൂളിലെ കാമ്പ് നേരത്തെ അവസാനിപ്പിച്ചിരുന്നു. ഇത്തരത്തിൽ കാമ്പുകളിൽനിന്നു പോയവർ ഭിക്ഷാടനവും മറ്റും നടത്തി കിട്ടുന്ന പണംകൊണ്ട് മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ബാങ്ക് ജംഗ്ഷനിലെ കടത്തിണ്ണകളിലും ടൗൺ ഹാൾ പരിസരത്തും മെട്രോയുടെ അടിയിലുമാണ് ഇവരുടെ അന്തിയുറക്കം. ഗുരുവായൂർ, ചോറ്റാനിക്കരയടക്കമുള്ള പ്രധാന ക്ഷേത്രങ്ങൾ അടച്ചതോടെയാണ് കൂടുതൽ പേരും വിശാലമായ ആലുവ മണപ്പുറം താവളമായി തെരഞ്ഞെടുത്തത്.
ഇവരോടൊപ്പം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘടിക്കുന്നതോടെ ആലുവ നഗരം ഇവരുടെ കൈപ്പിടിയിൽ ഒതുങ്ങുകയാണ്. രോഗം വ്യാപകമാകുന്ന ഭീകരാവസ്ഥയിൽ മാസ്കോ മറ്റ് സുരക്ഷിത മാർഗങ്ങളോ സ്വീകരിക്കാതെയാണ് നഗരത്തിലെ ഇവരുടെ ചുറ്റിക്കറങ്ങൽ.