ഭിക്ഷ ചോദിച്ചിട്ട് നല്‍കിയില്ലെങ്കില്‍ തന്തയ്ക്ക് വിളി ഉറപ്പ്; ഭിക്ഷക്കാരന്റെ പ്രകടനം അതിരു വിട്ടതോടെ പോലീസ് ഇടപെട്ടു; സംഭവം ഇങ്ങനെ…

ലിവര്‍പൂള്‍: താണു കേണ് യാചിക്കുന്ന ഭിക്ഷക്കാരില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് ലിവര്‍ പൂളിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് പുറത്തിരിക്കുന്ന യാചകന്റെ പ്രവര്‍ത്തന ശൈലി. ഭിക്ഷ ചോദിച്ചിട്ട് കൊടുത്തില്ലെങ്കില്‍ വഴിയാത്രക്കാരെ തന്തയ്ക്ക് വിളിക്കുകയാണ് ഇയാളുടെ രീതി. ഈ ഭിക്ഷക്കാരന്റെ പ്രകടനം വൈറലായതോടെ പൊലീസ് ഇതിനെക്കുറിച്ച് അന്വേണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലിവര്‍പൂള്‍ നഗരത്തില്‍ വ്യാപിക്കുന്ന ഭിക്ഷാടനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ഭിക്ഷക്കാരനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുന്നതെന്നാണ് മെര്‍സിസൈഡ് പൊലീസ് വെളിപ്പെടുത്തുന്നത്. തെരുവില്‍ കിടന്നുറങ്ങുന്ന ഈ യാചകന്റെ ചേഷ്ടകള്‍ ഹോം ലെസ് ഔട്ട്‌റീച്ച് വര്‍ക്കറായ ഡേവിഡ് ഓ കീഫെ വീഡിയോയില്‍ പകര്‍ത്തുകയും അത് ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. വളരെപ്പെട്ടെന്നു തന്നെ സംഭവം വൈറലായി. തനിക്ക് ഇയാളെ സഹായിക്കണമെന്നുണ്ടായിരുന്നെന്നും ലിവര്‍പൂള്‍ നഗരമധ്യത്തിലുള്ള എല്ലാ ഭിക്ഷാടകരെയും തനിക്ക് അറിയാമെന്നും അവര്‍ തന്റെ വാക്കുകള്‍ ചെവിക്കൊള്ളാറുണ്ടെന്നും ഡേവിഡ് പറയുന്നു.

എന്നാല്‍ ഇയാളെ സഹായിക്കാന്‍ താന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഇയാള്‍ തന്റെ മുഖത്തു നോക്കി ചിരിക്കുക മാത്രമാണ് ചെയ്തതെന്ന് ഡേവിഡ് പറയുന്നു. ഇയാളുടെ തെറിവിളിയോട് താന്‍ യോജിക്കുന്നില്ലെന്നും അതിനാലാണ് ഇതിന്റെ ഗൗരവവും ശല്യവും വെളിപ്പെടുത്തുന്നതിനായി ഇയാളുടെ ചെയ്തികള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നതെന്നും ഡേവിഡ് വിശദീകരിക്കുന്നു. ലിവര്‍പൂളില്‍ പൊതുജനത്തിന് ശല്യമാകുന്ന വിധത്തില്‍ പെരുകുന്ന ഭിക്ഷാടനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി തെറി പറയുന്ന ഭിക്ഷാടകന്റെ വീഡിയോയെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് പൊലീസ് ആവര്‍ത്തിക്കുന്നത്.

ഇത്തരക്കാരെ സഹായിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളുമായും സന്നദ്ധ സംഘടനകളുമായും ചേര്‍ന്ന് പുനരധിവാസ പദ്ധതിയൊരുക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് പറയുന്നു. ഭിക്ഷാടനം നിര്‍ത്തുന്നതിനായി ഇവിടുത്തെ പ്രാദേശിക ഭരണകൂടം ‘ നോ സെക്കന്‍ഡ് നൈറ്റ് ഔട്ട് കാംപയിന്‍’ നടത്തി വരുന്നു. ഇത് പ്രകാരം തെരുവില്‍ ഉറങ്ങുന്നവരെ കുറിച്ച് പൊതുജനത്തിന് അധികൃതരെ അറിയിക്കാം. തല്‍ഫലമായി അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം അധികൃതര്‍ നടത്തുന്നതാണ്. തെറിപറയുന്ന യാചകന്‍െ ഫൂട്ടേജിനെക്കുറിച്ച് ലിവര്‍പൂള്‍ മേയര്‍ ജോയ് ആന്‍ഡേര്‍സനും ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള യാചകരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ ക്രൈം നമ്പര്‍ 0517285811 എന്ന് ക്വോട്ട് ചെയ്ത് 101ല്‍ വിളിച്ച് പറയണമെന്നാണ് മെഴ്‌സിസൈഡ് പൊലീസ് ആവശ്യപ്പെടുന്നത്.

 

Related posts