നോട്ടു നിരോധനത്തെത്തുടര്‍ന്ന് ആകെയുണ്ടായിരുന്ന സമ്പാദ്യമായ 65,000 രൂപ വിലയില്ലാതായിപ്പോയതിന്റെ ദുരവസ്ഥയിലായിരുന്നു ചിന്നക്കണ്ണ് എന്ന യാചകന്.
കാഴ്ചയില്ലാത്തതിനാല്‍ കൃത്യസമയത്ത് നോട്ട് മാറ്റിയെടുക്കാനൊന്നും ചിന്നക്കണ്ണി(70)ന് സാധിച്ചില്ല. ഇപ്പോള്‍ ആ 65,000ത്തിനു പകരമായി അത്രയും തുക ചിന്നക്കണ്ണിനെ തേടിയെത്തിയിരിക്കുകയാണ്.
ചെന്നൈ സ്വദേശിയാണ് കാഴ്ചശേഷിയില്ലാത്ത യാചകന് സമ്മാനമായി ഇത്രയും തുക നല്‍കിയത്. തന്റെ വര്‍ഷങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ട വ്യഥയിലായിരുന്നു കൃഷ്ണഗിരിയിലെ ചിന്നക്കണ്ണ്.
വര്‍ഷങ്ങള്‍കൊണ്ടു സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് വിലയില്ലാതായെന്നറിഞ്ഞ ചിന്നക്കണ്ണ് പഴയ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞമാസം കളക്ടറേറ്റില്‍ സഹായമഭ്യര്ഥിച്ചെത്തിയപ്പോഴാണ് വാര്‍ത്തയായത്.
ഇതു സംബന്ധിച്ച പത്രവാര്‍ത്തകള്‍ കണ്ടാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എഴുപതുകാരന് സഹായം വാഗ്ദാനം ചെയ്തത്.
സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് നഷ്ടപ്പെട്ട 65,000 രൂപ അദ്ദേഹം നല്‍കിയത്. സഹായിച്ചയാളോട് കടപ്പാടും നന്ദിയുമുണ്ടെന്ന് ചിന്നക്കണ്ണ് പറഞ്ഞു.കൃഷ്ണഗിരി കളക്ടര്‍ വി. ജയചന്ദ്രഭാനു റെഡ്ഡി ചെക്ക് കൈമാറി.