തമ്പാനൂരില്‍ ഭിക്ഷ യാചിച്ചത് മലപ്പുറത്തെ സ്വകാര്യ സ്‌കൂളിലെ മുന്‍ ഗണിതാധ്യാപിക വല്‍സ; ഒരു മകനുള്ള, പെന്‍ഷന്‍ ലഭിക്കുന്ന ടീച്ചറുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ; ടീച്ചര്‍ക്ക് ഇഡലി വാങ്ങിക്കൊടുത്ത വിദ്യയ്ക്ക് ഫോണ്‍കോള്‍ പ്രവാഹം

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയ്ക്ക് ഇഡലി വാങ്ങിക്കൊടുത്ത വിദ്യ എന്ന പെണ്‍കുട്ടി ആ ചിത്രങ്ങള്‍ ഫേസ്ബുക്കിലുമിട്ടിരുന്നു. ഇപ്പോള്‍ വിദ്യയെ തേടിയെത്തുന്നത് നിലക്കാത്ത ഫോണ്‍കോളുകളാണ്. വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…ഇന്നു രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ഒരു സുഹൃത്തിനേയും കാത്ത് നില്ക്കുകയായിരുന്നു. മുഷിഞ്ഞ വസ്ത്രത്തില്‍ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെ ഒരു സ്ത്രീ എന്റെ തൊട്ടടുത്തുണ്ട്. തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകള്‍ താഴെ. അടുത്തു നിന്ന മരത്തില്‍ നിന്നും കൊമ്പുകള്‍ പതിയെ താഴ്ത്തി ഒരില പോലും മുറിഞ്ഞു വീഴാത്ത സൂക്ഷ്മതയോടെ അതില്‍ നില്‍ക്കുന്ന ചെറിയ കായ പറിച്ചു കഴിക്കുന്നു. ‘വിശക്കുന്നുണ്ടോ?’ ഞാന്‍ ചോദിച്ചു.” സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണെന്ന് വിദ്യ എം.ആര്‍ പറയുന്നു. പിന്നീട് കൂടുതല്‍ ചോദിച്ചപ്പോള്‍ അറിഞ്ഞത് അമ്പരപ്പിക്കുന്ന ഒരു കഥയാണ്.തിരുവനന്തപുരത്തെ തിരക്കേറിയ തമ്പാനൂരില്‍ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായിരുന്ന വല്‍സ എന്നു പേരുള്ള ടീച്ചര്‍. ഇവര്‍ പറയുന്നത് ശരിയാണോ എന്ന് അറിയാന്‍ വിവരങ്ങള്‍ ഫോട്ടോ സഹിതം വിദ്യ ഫേസ്ബുക്കിലിട്ടു. പിന്നെ നിലയ്ക്കാത്ത കോള്‍ വിളിയായിരുന്നു. മലപ്പുറത്തുള്ളവര്‍ ഈ ടീച്ചറെ തിരിച്ചറിഞ്ഞു. അവര്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തലും എത്തിക്കഴിഞ്ഞു.

വല്‍സ ടീച്ചര്‍ ഇസ്ലാഹിയയിലെ ടീച്ചര്‍ ആയിരുന്നു. ഞങ്ങളുടെയൊക്കെ സഹപ്രവര്‍ത്തകയുമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവിനും മോനുമൊപ്പം തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലേക്ക് പോയതാണ് എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടെ ടീച്ചര്‍ മടങ്ങിയത്. അത്രയേ ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്കറി യൂ…എങ്ങനെ ഈ അവസ്ഥയിലെത്തിയെന്ന് യാതൊരറിവുമില്ല……. ഞങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കാന്‍ ശ്രമിക്കും. നന്ദി ഈ പോസ്റ്റിന്….. വിവിധ കുട്ടികള്‍ക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. സ്‌കൂളുമായി സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടട്ടെ….ഇങ്ങനെ ഒരു കമന്റാണ് വിദ്യയുടെ പോസ്റ്റിന് താഴെ എത്തിയത്. ഇത് കണ്ടതോടെ തിരുവനന്തപുരത്തെ അമ്മയെ കണ്ടെത്താന്‍ വിദ്യ തീരുമാനിക്കുകയായിരുന്നു. അതിനുള്ള ശ്രമത്തിലുമാണ്. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഇത് സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

റെയില്‍വേ സ്റ്റേഷനില്‍ കണ്ട ഭിക്ഷക്കാരിയില്‍ ചില സംശയങ്ങള്‍ വിദ്യയ്ക്ക ആദ്യമേ തോന്നിയിരുന്നു. അതോടെ അവരിലേക്ക് ശ്രദ്ധ പതിയുകയായിരുന്നു. വിശക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ വിശപ്പില്ലെന്നായിരുന്നു ആദ്യം നല്‍കിയ മറുപടി. ‘കഴിക്കാന്‍ വല്ലതും വേണോ?’ ആ കണ്ണുകള്‍ പെട്ടെന്നൊന്നു തിളങ്ങി. ‘കയ്യിലുണ്ടോ ‘ അവര്‍ വണ്ടിക്കു മുന്നിലിരുന്ന ഹെയര്‍ ഓയില്‍ പായ്ക്കറ്റിലേയ്ക്കു നോക്കി. ‘അമ്മ ഇവിടെ തന്നെ നില്‍ക്കണം. ഞാന്‍ പോയി വാങ്ങി വരാം.’ ‘അതങ്ങു ദൂരെ പോണ്ടേ ”വിശക്കുമ്പോള്‍ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും.’ഇതായിരുന്നു വിദ്യ നല്‍കിയ ഉറപ്പ്. കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി ഇഡലിയും വടയും വാങ്ങി തിരിച്ചെത്തി. വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയില്‍ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു. ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളില്‍ വച്ചു. ഇതിന് ശേഷമായിരുന്നു വിദ്യയുടെ ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചത്.

വിദ്യയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവര്‍ തുടര്‍ന്നു. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായ വല്‍സ തന്റെ കഥ പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ ആണിത്. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെന്‍ഷന്‍ ആയിട്ട് ഏഴ് വര്‍ഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസില്‍ ഇട്ടിട്ടുണ്ട്. 5000 രൂപ പെന്‍ഷനുണ്ട്അവര്‍ പറഞ്ഞു. പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിലെന്ന ചോദ്യം വിദ്യയെ കുഴക്കി. അങ്ങനെ ഒരു ആശയം മനസ്സിലെത്തി. ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ…എന്നായി പിന്നീടുള്ള ചോദ്യം. പഴയ വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും തിരിച്ചറിഞ്ഞാലോ? ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം ആ മുഖത്ത് വിദ്യ കണ്ടു. എടുത്തോളൂ എന്നായിരുന്നു മറുപടി ‘അതെ അവളും മിടുക്കിയായിരുന്നു കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു കഴിഞ്ഞു കാണും അല്ലേ. ഞാന്‍ പോട്ടെ ‘ ഫോണില്‍ സമയം നോക്കി. കൃത്യം 11.10 ”ഇനി എങ്ങോട്ടാ ടീച്ചറെ ‘ ‘ശ്രീകണ്‌ഠേശ്വരത്ത് ‘ എന്നു മറുപടി. മുഷിഞ്ഞ കവറുകളും കൈയിലെടുത്ത് നോക്കി നില്‍ക്കേ വല്‍സ ടീച്ചര്‍ ആള്‍ക്കൂട്ടത്തിലേക്ക് മാഞ്ഞു പോയെന്ന് വിദ്യ പറയുന്നു.

പറഞ്ഞത് മുഴുവന്‍ സത്യമാണോന്നറിയില്ല. പക്ഷേ ഒന്നുറപ്പ് . ഇത് തെരുവിലെ ഭ്രാന്തിയല്ല. വിദ്യാസമ്പന്നയായ ഒരു അധ്യാപിക തന്നെയാണിവര്‍. ഈ പോസ്റ്റ് ഒരു നിമിത്തമാകട്ടെ. അവര്‍ പറഞ്ഞത് സത്യമാണെങ്കില്‍ മലപ്പുറത്തെ ഏതെങ്കിലുമൊരു വ്യക്തി ഈ അധ്യാപികയെയോ ആ സ്‌കൂളോ തിരിച്ചറിഞ്ഞെങ്കില്‍ …ഇങ്ങനെയായിരുന്നു വിദ്യയുടെ കുറിപ്പ് അവസാനിച്ചത്. പക്ഷേ പ്രതീക്ഷയിലും വലിയ പിന്തുണയാണ് ലഭിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വല്‍സ ടീച്ചറിന്റെ മലപ്പുറത്തെ കുട്ടികള്‍ ടീച്ചറെ തിരിച്ചറിഞ്ഞു. ഏറ്റെടുക്കാനും തയ്യാറാണ്. ഈ ടീച്ചറെ അവരെ ഏല്‍പ്പിക്കുക എന്നുള്ളത് ഇനി നമ്മള്‍ തിരുവനന്തപുരത്തുകാരുടെ കടമയാണ് . ഒന്നു ശ്രമിച്ചു കൂടേ? തമ്പാനൂര്‍ ഗണപതി ക്ഷേത്രത്തിനു സമീപം അല്ലെങ്കില്‍ 11 നു ശേഷം ശ്രീകണ്‌ഠേശ്വരം ക്ഷേത്രം. ഉറപ്പ് ടീച്ചര്‍ ഉണ്ടാകും. ഞാനും ശ്രമിക്കാം.ഇങ്ങനെയാണ് രണ്ടാമത്തെ പോസ്റ്റില്‍ വിദ്യ പ്രതീക്ഷ പങ്കുവച്ചത്. കിട്ടുന്നവര്‍ വിളിക്കണേ എന്നും വിദ്യ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇതിന് പിന്നാലെ വിദ്യയുടെ പോസ്റ്റില്‍ നിരവധി പ്രതികരണങ്ങളെത്തി. അതില്‍ നീനാ ശബരീഷ് കുറിച്ചത് ഇങ്ങനെയാണ്. ഇന്ന് ഞങ്ങളെല്ലാവരും പെര്‍മെന്റ് സര്‍വ്വീസില്‍ മറ്റു പല സ്‌കൂളിലുമാണ്. അന്നു പഠിച്ചിരുന്ന കുട്ടികള്‍ കേരളം മുഴുവനും പടര്‍ന്നു വളര്‍ന്നിരിക്കണം. അതിനപ്പുറത്ത് മറ്റു രാജ്യങ്ങളിലേക്കും അവര്‍ പറന്നുയര്‍ന്നിട്ടുണ്ട്. ഈ വാര്‍ത്ത കേട്ടാല്‍ അവരോടിയെത്തും. കാരണം അവര്‍ മലപ്പുറത്തുകാരാണ്. എന്താണ് സംഭവിച്ചതെന്നു നമുക്കറിയില്ല. എങ്കിലും ടീച്ചര്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തയായി നടന്നിരുന്ന ഒരാളായിരുന്നു പണ്ടേ …. എല്ലാവരും ചിന്തിക്കും പോലല്ല ടീച്ചര്‍ ചിന്തിച്ചിരുന്നത്. പ്ലെയിന്‍ സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമായിരുന്നു എന്നും വേഷം. നിറയെ ആഭരണങ്ങളിടുമായിരുന്നു. പ്രായമേറെ ആയിട്ടാണ് ഒരു മോനുണ്ടായത്. സുന്ദരനായൊരു ആണ്‍കുട്ടി. ടീച്ചര്‍ പറയുന്ന കഥകള്‍… ടീച്ചറുടെ പ്രായം…വിദ്യാഭ്യാസ യോഗ്യത…വീട്ടിലെ ചുറ്റുപാടുകള്‍ തുടങ്ങി പല കാര്യങ്ങളിലും പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതായി നീനാ ശബരീഷ് പറയുന്നു. പലതിലും പണ്ടേ പൊരുത്തക്കേടുകളുണ്ടായിരുന്നുനീനാ ശബരീഷ് കുറിക്കുന്നു.

അസ്വഭാവികതകള്‍ പലതുമുണ്ടായിരുന്നെങ്കിലുംവളരെ സ്‌നേഹമുള്ള ആത്മാര്‍ത്ഥതയുള്ള ഒരു കണക്കു ടീച്ചറായിരുന്നു വല്‍സ ടീച്ചര്‍ ….. പറഞ്ഞ പല ജീവിത കഥകളും ടീച്ചറുടെ ഭാവനകളായിരുന്നുവോ എന്നു തോന്നിയിട്ടുണ്ട്. ജീവിതത്തിലെ നിരാശകളില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം സൃഷ്ടിച്ചു സമാധാനിച്ചിരുന്ന ചില നിര്‍ദ്ദോഷമായ നുണകള്‍ ആയിരുന്നുവോ? അതെല്ലാം? അറിയില്ല……. കാരണം ടീച്ചറെ അടുത്തറിയുന്ന നാട്ടുകാരെയോ സുഹൃത്തുക്കളെയോ ഞങ്ങള്‍ക്ക് മലപ്പുറം കാര്‍ക്ക് പരിചയമില്ല….. ഇവിടുള്ളിടത്തോളം കാലം മലപ്പുറത്തുകാര്‍ അവരെ അകമഴിഞ്ഞു സ്‌നേഹിച്ചിട്ടുണ്ട്…അങ്ങനെയിരിക്കെ ജന്മനാട്ടിലേക്ക് കുടുംബത്തോടൊപ്പം തിരിച്ചു പോയതാണ് …. വര്‍ഷങ്ങള്‍ക്കപ്പുറം….. പിന്നെ നടന്ന തൊന്നും ഞങ്ങള്‍ക്കറിഞ്ഞുകൂട….. സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ ഞങ്ങള്‍ കൂട്ടായി ശ്രമിക്കും അതുറപ്പ്.ഈ വരികളാണ് വിദ്യയ്ക്കും പ്രതീക്ഷയാകുന്നത്. മന്ത്രി കെടി ജലീലിന്റെ ഓഫീസിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റാണ് വിദ്യ. ഈ ജോലിയിലെ സൗഹൃദവും ബന്ധങ്ങളുമെല്ലാം ഈ ടീച്ചറെ കണ്ടെത്താനായി ഫലപ്രദമായി വിനിയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യ. എന്തായാലും ഇക്കാര്യം അന്വേഷിച്ച് വിദ്യയെ തേടി വരുന്ന ഫോണ്‍കോളുകള്‍ തുടരുകയാണ്.

 

Related posts