സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: നഗരത്തിലെ തിരക്കേറിയ റോഡുകളിലും മാർക്കറ്റുകളിലും ഗ്രാമപ്രദേശങ്ങളിലെ വീടുകളിലും കയറിയിറങ്ങി ഭിക്ഷാടനം നടത്തി ജീവിക്കുന്നവർ ഇന്ന് എവിടെയാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ആരംഭിച്ചതോടെ ഭിക്ഷാടകരും തെരുവിൽ ജീവിക്കുന്നവരും “അപ്രത്യക്ഷരായിരിക്കുകയാണ്’. നഗരത്തിൽ ഭിക്ഷാടകർ കൈയടക്കി വെച്ചിരുന്ന സ്ഥലങ്ങളെല്ലാം ഇപ്പോൾ ശൂന്യമാണ്.
കോവിഡ് മഹാമാരി ലോകത്ത് സർവതിനെയും മാറ്റിമറിച്ചതു പോലെ ഭിക്ഷാടകരുടെയും തെരുവിൽ അന്തിയുറങ്ങുന്നവരുടെയും ജീവിതവും മാറിമറിച്ചിരിക്കുകയാണ്. കണ്ണൂർ നഗരത്തിൽ മാത്രം 350 ഓളം പേർ തെരുവിൽ കഴിയുന്നുണ്ടെന്നാണ് പോലീസിന്റെ കണക്ക്.
ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നവർ ഇതിന്റെ ഇരട്ടിയോളം വരും. കോവിഡ് മഹാമാരി രൂക്ഷമായതോടെ ഇവരെ സുരക്ഷിതമായി മാറ്റിപാർപ്പിച്ചില്ലെങ്കിൽ വലിയ
ദുരന്തം സംഭവിക്കുമെന്ന തിരിച്ചറിവാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഭിക്ഷാടകരെ പുനഃരധിവസിപ്പിക്കാൻ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ഈ ഉദ്യമത്തിന് ലഭിക്കുകയും ചെയ്തതോടെയാണ് ഭിക്ഷാടകരെ സുരക്ഷിതമായി “നാടുകടത്തിയത്’.
ഭിക്ഷാടനത്തിന്റെ മറവിൽ രാത്രികാലങ്ങളിൽ ക്രൂരത കാണിക്കുന്ന സാമൂഹ്യ വിരുദ്ധരെയും പിടിച്ചുകെട്ടാനായത് കോവിഡ് കാലത്തെ പോലീസിന്റെ ഇടപെടൽ കാരണമാണ്. ഇന്ന് നഗര-ഗ്രാമ പ്രദേശങ്ങൾ ഭിക്ഷാടന മുക്തമാണ്.
കോവിഡിന്റെ തുടക്കം മുതൽ കരുതൽ
തെരുവിൽ ജീവിക്കുന്നവർക്ക് രണ്ടു നേരം ഭക്ഷണം നൽകുകയെന്ന ഉദേശത്തോടെ പോലീസ് നടപ്പാക്കിയ അക്ഷയപാത്രം പരിപാടി ഭിക്ഷാടകർക്ക് ആശ്വാസമായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിലായി സ്ഥാപിച്ച അക്ഷയപാത്രത്തിൽ നിന്നും നിരവധി പേർക്ക് ആഹാരം നൽകി.
മൂന്നുവർഷക്കാലം ഇത് മുടങ്ങാതെ നടന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തെരുവിൽ കഴിയുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി അവർക്കാരു പുതിയ ജീവിതം നൽകണമെന്ന ആശയം ഉദിച്ചത്. കോവിഡ് കാലമായതോടെ ഭിക്ഷാടകർക്ക് ഭക്ഷണം നൽകുന്ന അക്ഷയപാത്രം പൂട്ടി.
കോവിഡ് പടർന്നു പിടിച്ചതോടെ തെരുവിൽ കഴിയുന്നവരെ പതിവ് പോലെ സ്വതന്ത്രമായിവിട്ടാൽ നഗരം കോവിഡ് രോഗ കേന്ദ്രമാകുമെന്ന തിരിച്ചറിവിലാണ് ഭിക്ഷാടകരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയെന്ന ശ്രമകരമായ ജോലി പോലീസ് ഏറ്റെടുത്തത്.
ഇതിനായി കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ നേരിട്ട് കാര്യങ്ങളുടെ ചുക്കാൻ ഏറ്റെടുത്തു. പല തവണ ആലോചനായോഗം ചേർന്നു. ഇതേ തുടർന്നാണ് ലോക്ക്ഡൗൺ കാലത്ത് താൽക്കാലിക പുനരധിവാസ കേന്ദ്രം ആരംഭിച്ചത്.
കണ്ണൂർ ടൗൺ സ്കൂൾ, ജൂബിലി ഹാൾ തുടങ്ങിയ നാലോളം കേന്ദ്രങ്ങൾ ഇതിനായി തെരഞ്ഞെടുത്തു. കൂട്ടമായി ഇവരെ പുനരധിസിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധിയും വെല്ലുവിളികളും വലുതായിരുന്നു.
ഭിക്ഷാടകരെയും തെരുവിൽ ജീവിക്കുന്നവരെയും അവരുടെ സ്വഭാവ രീതികളും സാഹചര്യങ്ങളും മനസിലാക്കി നാലു വിഭാഗമാക്കിയാണ് വിവിധ താമസ കേന്ദ്രങ്ങളിൽ പാർപ്പിച്ചത്.
ഭക്ഷണം, കിടക്കാനുള്ള സൗകര്യങ്ങൾ, പുതപ്പ്, മരുന്ന് തുടങ്ങി വലിയ ചെലവുകൾ താങ്ങാൻ പോലീസിനാകുമായിരുന്നില്ല. ഇതിനായി ജില്ലയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടി.
എല്ലാ രാഷ്ട്രീയ പാർട്ടികളും വലിയ തോതിൽ സഹകരിച്ചു. ലോക്ക്ഡൗൺ കാലത്ത് ദിവസവും മൂന്നു നേരം ഭക്ഷണം വിളമ്പി. 60 ദിവസം ബിരിയാണിയടക്കമുള്ള സുഭിക്ഷമായ ഭക്ഷണം ഒരുക്കി. ഡിവൈഎസ്പി ഓഫീസിലെ ബ്ലാത്തൂർ സ്വദേശി എ.വി. സതീശനടക്കമുള്ള പോലീസുകാർ ഭക്ഷണം പാകം ചെയ്യാൻ എത്തി. അവരേയും കൊണ്ട് തമിഴ്നാട്ടിലേക്ക്
ലോക്ക് ഡൗൺ കാലത്ത് താൽക്കാലികമായി സ്കൂളുകളിലും മറ്റും താമസിപ്പിച്ചവരെ ലോക്ക് ഡൗണിനു ശേഷം സ്ഥിരമായി പുന:രധിവസിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി ഭിക്ഷാടകരെ വിവിധ വിഭാഗങ്ങളായി തരം തിരിക്കുകയാണ് ആദ്യം ചെയ്തത്.
ഒന്നാമത്തെ വിഭാഗത്തിൽ വിവിധ രോഗാവസ്ഥയിൽ കഴിയുന്നവരാണ്. ചികിത്സിക്കാൻ പണമോ സഹായത്തിന് ബന്ധുക്കളോ സുഹൃത്തുകളോ ഇല്ലാത്തവർ. ഇത്തരത്തിലുള്ള 30 പേരുടെ ചികിത്സയും താമസവും ഭക്ഷണവും താണ പ്രത്യാശ ഭവനും കൊട്ടിയൂർ അഗതിമന്ദിരവും ഏറ്റെടുത്തു.
രണ്ടാമത്തെ വിഭാഗം തൊഴിലും വീടുമില്ലാതെ തെരുവിൽ അന്തിയുറങ്ങുന്നവർ. ഇവരെ താൽക്കാലികമായി വാടക വീടുകളിലേക്ക് മാറ്റി. ഇത്തരത്തിൽ 20 പേരെയാണ് താമസിപ്പിച്ചിട്ടുളളത്. മറ്റൊരു വിഭാഗം ക്രിമിനലുകളാണ്. വിവിധ കേസുകളിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചവർ.
പോകാൻ വീടോ ബന്ധുക്കളോ ഇല്ലാത്തവർ. ഇവരെ കൗൺസിലിങ്ങിന് വിധേയമാക്കി സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചു.മറ്റൊരു വിഭാഗം ഭിക്ഷാടകരിലെ സമ്പന്നരാണ്. തെരുവിൽ യാചിച്ചും മറ്റും സ്വരൂപിച്ച് കൂട്ടിയത് ലക്ഷങ്ങൾ. ഇവർക്ക് ബാങ്ക് നിക്ഷേപം വരെയുണ്ടെന്ന് പോലീസ് പറഞ്ഞു.
നഗരത്തിലെ കച്ചവടക്കാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നവർ പോലുമുണ്ട് ഇക്കൂട്ടത്തിൽ. ലോക്ക് ഡൗൺ കാരണം
കച്ചവട സ്ഥാപനങ്ങൾ അടച്ചതോടെ കൊടുത്ത പണം കിട്ടാതെയായി. പണം തിരിച്ചു കിട്ടാതെ മാറി പോകാൻ സാധിക്കില്ലെന്ന് ഇവർ പോലീസിനോട് തുറന്നുപറഞ്ഞു.
ഇതിനായി പോലീസ് ഇടപെട്ടു. ഒടുവിൽ പണം തിരിച്ചു കിട്ടിയതോടെയാണ് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ ഇവർ തയാറായത്. മറ്റൊരു വിഭാഗം തമിഴ്നാട്ടിൽ വീടും ബന്ധുക്കളും ഉള്ളവരാണ്. ഇവർ വർഷങ്ങളായി കണ്ണൂർ നഗരത്തിലും പരിസത്തും ഭിക്ഷാടനം നടത്തുന്നവരാണ്.
ഇത്തരത്തിലുള്ള 40 പേരെയാണ് സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. തമിഴ്നാട്ടിൽ ബന്ധുക്കളുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് ഡിവൈഎസ്പി പി.പി. സദാനനൻ തമിഴ്നാട് ഡിജിപിയുമായി ബന്ധപ്പെട്ടു.
തമിഴ്നാട് അതിർഥിയിൽ ഭിക്ഷാടകരെ എത്തിച്ചാൽ സന്നദ്ധ സംഘടകളുടെ സഹായത്തോടെ അവരുടെ വീടുകളിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് ഡിജിപി അറിയിച്ചു.
തുടർന്ന് കണ്ണൂരിൽ നിന്നും രണ്ടു പോലീസ് ബസുകളിൽ വാളയാർ ചെക്ക് പോസ്റ്റു വരെ എത്തിച്ച് ഭിക്ഷാടകരെ തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു.
പോലീസിന് ഏറ്റവും പ്രയാസം സൃഷ്ടിച്ചത് നഗരത്തിലുള്ള എയ്ഡ്സ് രോഗികളുടെ പുന:രധിവാസമായിരുന്നു. തുടർന്ന് 12 ഓളം വരുന്ന എച്ച്ഐവി ബാധിതരെയും കോവിഡ് കാലത്ത് മാറ്റി പാർപ്പിച്ചു.
കൊടുക്കാം ബിഗ് സലൂട്ട്
ജില്ലയിൽ നിന്നും പുന:രധിവസിപ്പിച്ച ഭിക്ഷാടകരുടെയും തെരുവിൽ കഴിയുന്നവരുടെയും മുഴുവൻ ഡാറ്റയും ഡിവൈഎസ്പി ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ ഭിക്ഷാടകരുടെ ഫോട്ടോയും വീഡിയോയും താമസസ്ഥലം ഉൾപ്പെടെയുള്ളവ പോലീസ് ശേഖരിച്ചിട്ടുണ്ട്.
തെരുവിൽ കഴിയുന്ന പലരുടെയും താമസസ്ഥലം അന്വേഷിച്ച് തമിഴ്നാട്ടിൽ ചെന്നതും വലിയ സാഹസമായിരുന്നതായി ഡിവൈഎസ്പി പി.പി. സദാനന്ദൻ പറയുന്നു.
വടകരയിലും കാസർഗോഡും പി.പി. സദാനന്ദൻ ഡിവൈഎസ്പിയായി ജോലി ചെയ്തപ്പോഴും ഭിക്ഷാടകർക്കായി അക്ഷയപാത്രം പരിപാടി ആരംഭിച്ചിരുന്നു.
കുറ്റവാളികളെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ മാത്രമല്ല സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള തെരുവിൽ കഴിയുന്നവരെ പോലും ചേർത്തു പിടിക്കാൻ പോലീസിന് സാധിക്കുമെന്നതിനുള്ള തെളിവാണ് ഭിക്ഷാടകർക്ക് നൽകിയ പുതിയ ജീവിതം.