കോട്ടയം: ഒരിടവേളയ്ക്കു ശേഷം നഗരത്തിൽ യാചകരുടെ ശല്യമേറി. കാലം മാറിയപ്പോൾ യാചകരും ന്യുജെൻ ആയിരിക്കുകയാണ്. ഗൂഗിൾ പേയിൽ ഇടപാട് നടത്തുന്ന യാചകർ വരെ കോട്ടയത്തുണ്ട്.
കഴിഞ്ഞദിവസം തിരുനക്കര ബസ് സ്റ്റാൻഡിലെ വ്യാപാര സ്ഥാപനത്തിലെത്തിയ യാചകൻ സോപ്പ് വാങ്ങിയശേഷം പണമടയ്ക്കുന്നതിന് ആവശ്യപ്പെട്ടത് ഗൂഗിൾ പേ. യാചകരും ഡിജിറ്റൽ പണമിടപാടിലേക്ക് മാറിയത് അന്ധാളിപ്പോടെ നോക്കിനിൽക്കുകയാണു വ്യാപാരികളും.
പിരിച്ചെടുക്കുന്ന നാണയത്തുട്ടുകളും ചില്ലറ പൈസകളും വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ ബസ് കണ്ടക്ടർമാർക്കും നൽകി പണം ഗൂഗിൾ പേയിൽ അയക്കാൻ പറയുന്ന യാചകരും നിരവധിയാണ്്.
ഇവരുടെ പണമിടപാട് നടത്തുന്ന അക്കൗണ്ടുകൾ, ഡിജിറ്റൽ പണമിടപാട് നടത്തുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സംബന്ധിച്ച് സംശയം ഉയരുന്നുണ്ടെങ്കിലും പരാതി എവിടെനിന്നും വന്നിട്ടില്ല. യാചകർക്കു പിന്നിൽ വൻസംഘം പ്രവർത്തിക്കുന്നതായി സംശയം ഉയരുന്നുണ്ട്.
തിരുനക്കര ബസ് സ്റ്റാൻഡും മൈതാനവും കേന്ദ്രീകരിച്ച് ഭിക്ഷാടനത്തിനുള്ളവരെ നിയന്ത്രിക്കുന്നതിനും അവർ ശേഖരിക്കുന്ന പണം പിരിച്ചെടുക്കുന്നതിനും ഒരുസംഘം തന്നെയുള്ളതായാണു വിവരം.
ഈ പരിസരങ്ങളിൽ എത്തുന്ന കാൽനട യാത്രക്കാർക്ക് പലപ്പോഴും ഭിക്ഷാടന സംഘം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കോവിഡ് സമയത്ത് ഇവിടെ തന്പടിച്ചിരുന്ന യാചകരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിരുന്നെങ്കിലും അവിടെനിന്നും പുറത്തു ചാടി തിരുനക്കര ഭാഗത്ത് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.
തിരുനക്കരയിലും പരിസരപ്രദേശങ്ങളിലും കടത്തിണ്ണകളിലുമായി കിടന്നുറങ്ങുന്ന സാമൂഹിക വിരുദ്ധരായ ഇവർക്കെതിരെ മതിയായ കേസുകളില്ലാത്തതിനാൽ പോലീസിന് കസ്റ്റഡിയിലെടുക്കാൻ സാധിക്കുന്നില്ല. ഇതിൽ പലരും രോഗബാധിതരുമാണ്.
കുട്ടികളേയും രംഗത്തിറക്കുന്നു
നഗരത്തിൽ കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും വർധിച്ച് വരുന്നുണ്ട്. തിരക്കുള്ള സീസണുകളിലാണ് കുട്ടികളെ ഭിക്ഷാടനസംഘം രംഗത്തിറക്കുന്നത്.
കഴിഞ്ഞ വർഷാവസാനമാണു കോട്ടയം ഗുഡ് ഷെപ്പേർഡ് റോഡിൽ അമ്മയോടൊപ്പം ഭിക്ഷയാചിച്ച തമിഴ്നാട് സ്വദേശിനിയായ നാലു വയസ്കാരി ഐശ്വര്യ എന്ന കുട്ടിയെ ചൈൽഡ് ലൈനും ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചേർന്ന് രക്ഷിച്ചത്.
വിദ്യാർഥികളും യുവതി യുവാക്കളും ഉദ്യോഗസ്ഥരും വ്യാപാരികളും സ്ഥാപനങ്ങളിലെത്തുന്ന ഇടപാടുകാരും കുട്ടികളെ കാണുന്നതോടെ ഭിക്ഷ നൽകുന്നു.
ഇത് കുട്ടികളെ ഭിക്ഷാടനത്തിനിറക്കാൻ സംഘത്തിനു പ്രോത്സാഹനമാകുന്നതായി ചൈൽഡ് ലൈൻ പ്രവർത്തകർ പറയുന്നു. ഇത്തരത്തിൽ കുട്ടികളെ കണ്ടാൽ 1098 എന്ന ടോൾ ഫ്രീ നന്പരിൽ ചൈൽഡ് ലൈനിൽ വിവരമറിയിക്കണം.
ഉത്സവങ്ങളും പെരുന്നാളുകളും സീസണ്
ജില്ലയിലെ പ്രധാന ഉത്സവങ്ങളും പള്ളിപ്പെരുന്നാളും ഭിക്ഷാടകർക്കും മാഫിയാ അംഗങ്ങൾക്കും മനഃപാഠമാണ്. ഉൽസവ സീസണുകൾ നോക്കി ജില്ലയിലെത്തുന്ന ഭിക്ഷാടകരുടെ എണ്ണം വളരെ വലുതാണ്. തമിഴ്നാട്ടിൽനിന്നു കൂട്ടത്തോടെയാണ് സംഘം എത്തുന്നത്.
അതിരന്പുഴ പള്ളി പെരുന്നാളിനുശേഷം ഇപ്പോൾ ഏറ്റുമാനൂർ ഉത്സവ പരിസരത്ത് തന്പടിച്ചിരിക്കുന്ന ഭിക്ഷാടന മാഫിയ ഇനി കിടങ്ങൂർ, തിരുനക്കര ക്ഷേത്ര ഉത്സവങ്ങളാണ് ലക്ഷ്യംവയ്ക്കുന്നത്.
ഭിക്ഷാടനം നടത്തേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് ആസൂത്രണം ചെയ്താണ് സംഘങ്ങൾ എത്തുന്നത്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള യാചകസംഘമാണു ജില്ലയിലെത്തുന്നത്. നാട്ടുകാരെ പല വിദ്യകൾ കാണിച്ചു പറ്റിച്ചും പിരിവെടുത്തു ജീവിക്കുന്ന യാചകർ കൂട്ടമായി എത്തുന്നു.