അടിമാലി: കൊറോണ വിഷയവുമായി ബന്ധപ്പെട്ട് നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കും വെല്ലുവിളിയായി അടിമാലിയിൽ അന്യസംസ്ഥാന ഭിക്ഷാടന മാഫിയ സംഘം വിലസുന്നു.
ബസിൽ പെരുന്പാവൂരിൽ നിന്നും കൂട്ടമായി എത്തിയ സത്രീകളടങ്ങുന്ന സംഘം വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവർ എത്തിയിട്ടുള്ളത്.വിവിധ പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞ്സഞ്ചരിച്ച് എത്തുന്ന ഇവർ സമൂഹത്തിന് വെല്ലുവിളി ഉയർത്തുകയാണ്.
യാതൊരു സുരക്ഷാ, പ്രതിരോധവുമെടുക്കാത്ത ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ട അധികൃതർ ഇതൊന്നും ഗൗരവമായി എടുക്കുന്നില്ല. ഇവർ രോഗവാഹകരാണോ എന്ന് തിരിച്ചറിയേണ്ടത് സമൂഹത്തിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്.
ഇവരെ കണ്ടു പിടിക്കുന്നതു തന്നെ ശ്രമകരമാണ്. സംസ്ഥാനമൊന്നടങ്കം കൊറോണയ്ക്കെതിരെ കൈകോർക്കുകയും പ്രതിരോധത്തിനായുള്ള നടപടികൾ ഉൗർജിതമാക്കുകയും ചെയ്യുന്പോഴാണ് ഇതെല്ലാം മറികടക്കുന്ന രീതിയിൽ ഭിക്ഷാടനസംഘങ്ങൾ വ്യാപകമാകുന്നത്.
ഇവർക്കു പിന്നിൽ ഭിക്ഷാടന മാഫിയ സംഘമാണെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി അന്യസംസ്ഥാനക്കാരെ വച്ച് ഭിക്ഷാടനം നടത്തുന്ന മാഫിയ സംഘങ്ങൾ പ്രവർത്തിയ്ക്കുന്നുണ്ട്.
ഭിക്ഷാടനത്തിലൂടെ ലഭിയ്ക്കുന്ന പണത്തിൽ നിന്ന് നിശ്ചിത തുക ഇവർ കമ്മീഷനായി അടിച്ചെടുക്കും. ഭിക്ഷാടന മാഫിയ സംഘങ്ങൾക്കെതിരെ നിയമ പരമായ നടപടി ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.