ദരിദ്ര കുടുംബത്തിൽ പിറന്ന ജെയിൻ വിശപ്പകറ്റാനാണു യാചകനായത്. ആഴ്ചയിൽ ഏഴു ദിവസവും 10-12 മണിക്കൂർ വരെ ഇയാൾ മറ്റുള്ളവർക്കു മുൻപിൽ ഭിക്ഷ യാചിക്കും. നാലു പതിറ്റാണ്ടായി ഇതു തുടരുന്നു. 2,000 മുതൽ 2,500 രൂപ വരെയാണ് ഒരു ദിവസത്തെ സമ്പാദ്യം. പ്രതിമാസം 60,000 രൂപ മുതൽ 75,000 രൂപയുടെ വരെ വരുമാനം. ഇപ്പോൾ ഈ മനുഷ്യന് സ്വന്തമായുള്ളത് 7.5 കോടി രൂപയുടെ ആസ്തി.
മുംബൈയിൽ 1.4 കോടി രൂപ വിലമതിക്കുന്ന രണ്ടു ഫ്ലാറ്റുകൾ ജെയിൻ വാങ്ങിയിട്ടുണ്ട്. ആ ഫ്ലാറ്റുകളിലാണ് ഇപ്പോൾ കുടുംബസമേതം താമസം. കൂടാതെ, താനെയിൽ രണ്ടു കടകളുണ്ട്. അതിൽനിന്നു പ്രതിമാസം 30,000 രൂപ വാടക കിട്ടും. ഇയാളുടെ രണ്ട് ആൺമക്കളും പഠിച്ചത് നഗരത്തിലെ പ്രശസ്തമായ കോൺവെന്റ് സ്കൂളിലാണ്. പഠനം പൂർത്തിയാക്കിയ ഇവരാണു കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുന്നത്. ഇത്രയൊക്കെയായിട്ടും ജെയിൻ ഇപ്പോഴും യാചകനായിതന്നെ തുടരുകയാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു.