കൊച്ചി: പോലീസ് മേധാവിയുടെ ചിട്ടവട്ടങ്ങൾ മാറ്റിവച്ചു നാടൻപാട്ടിന്റെ ഈരടികൾക്കൊപ്പം മാവേലിയുടെ കൈപിടിച്ചു ഡിജിപി ലോക്നാഥ് ബെഹ്റ ചുവടുവച്ചപ്പോൾ വിഭിന്നശേഷിയുള്ള കുട്ടികളുടെ ഓണാഘോഷവേദിയിൽ ആവേശം വാനോളം. ബെഹ്റയ്ക്കൊപ്പം ഭാര്യ മധുമിതയും നൃത്തച്ചുവടുകൾ വച്ചതോടെ അപൂർവമായ ദൃശ്യവിരുന്നിന്റെ ആനന്ദം കാഴ്ചക്കാരിൽ നിറഞ്ഞു.
പാലാരിവട്ടം പിഒസിയിൽ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റിന്റെ (സിഇഎഫ്ഇഇ) നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലയിലെ വിഭിന്ന ശേഷിയുള്ള കുട്ടികളുടെ ഓണാഘോഷപരിപാടിയായിരുന്നു (പൂവേ പൊലി-2017) വേദി. ആഘോഷത്തിമർപ്പിലേക്കെത്തിയ ഡിജിപിയേയും പത്നിയേയും കൂനമ്മാവ് ചാവറ സ്പെഷൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ചെണ്ടമേളത്തോടെ വരവേറ്റു.
ചമഞ്ഞൊരുങ്ങിയ കുട്ടിമാവേലിമാർ ഡിജിപിയോടു വിശേഷങ്ങൾ ആരാഞ്ഞു. കുഞ്ഞുചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നല്കി. ഒന്നരമണിക്കൂറോളം പരിപാടികൾ ആസ്വദിച്ച ഡിജിപി ജീവിതത്തിൽ ഇതുപോലൊരു ഓണം ആഘോഷിച്ചിട്ടില്ലന്നു പറഞ്ഞാണു വേദി വിട്ടത്. വിവിധ മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. മത്സരശേഷം ഉപ്പേരിയും ശർക്കരവരട്ടിയും പായസവുമടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.