തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങി. സ്ഥാനമൊഴിയുന്ന ഡിജിപിക്ക് സേനാംഗങ്ങൾ എസ്എപി മൈതാനത്ത് നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് അഞ്ചു വർഷം സേവനമനുഷ്ഠിച്ച ബെഹ്റ മറുപടി പ്രസംഗത്തില്‍ വികാരാധീനനായി.
താനൊരു മലയാളിയെന്നും മുണ്ടുടുക്കുമെന്നും പറഞ്ഞ ബെഹ്റ ഇതൊന്നും ആരെയും കാണിക്കാനല്ലെന്നും കേരളം തനിക്ക് വേണ്ടപ്പെട്ടതെന്നും കൂട്ടിച്ചേർത്തു.
മികച്ച പോലീസ് സേനയാണ് കേരളത്തിലേതെന്നും കേരള പൊലീസിലെ നവീകരണം ഇനിയും തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. എൻഐഎയിൽ അഞ്ചു വർഷവും സിബിആയിൽ 11 വർഷവും പ്രവർത്തിച്ചു.
ആലപ്പുഴ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, അഗ്നിരക്ഷാ സേനാ മേധാവി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
അതേസമയം പുതിയ പോലീസ് മേധാവി ആരെന്ന് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകും. യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ള സുധേഷ് കുമാർ, ബി. സന്ധ്യ, അനിൽകാന്ത് എന്നിവരാണ് പുതിയ പോലീസ് മേധാവി സ്ഥാനത്തേക്കുള്ള ലിസ്റ്റിലുള്ളത്. പുതിയ പോലീസ് മേധാവി വൈകിട്ട് പോലീസ് ആസ്ഥാനത്തെത്തി ബെഹ്റയിൽ നിന്ന് ചുമതലയേറ്റെടുക്കും.