അടുത്തിടെയാണ് ജയറാം ചിത്രമായ ആകാശമിഠായില്‍ നിന്ന് തമിഴ് നടി വരലക്ഷ്മി പിന്മാറിയത്. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് നടിയുടെ പിന്മാറ്റത്തിലെന്ന് തുടക്കത്തിലെ കേട്ടിരുന്നു. എന്നാല്‍ പിന്നീട് വരലക്ഷ്മിയോ ജയറാമോ ഇക്കാര്യത്തില്‍ കാര്യമായ തുറന്നുപറച്ചിലൊന്നും നടത്തിയതുമില്ല. സംവിധായകനായ സമുദ്രക്കനിയും വിശദീകരണം നല്കാന് തയാറായില്ല. ഇപ്പോഴിതാ വെളിപ്പെടുത്തലുമായി സമുദ്രക്കനി തന്നെ രംഗത്തെത്തിയിരിക്കുന്നു. നടിക്ക് നിര്‍മാതാക്കളില്‍ നിന്ന് മോശം അനുഭവമുണ്ടായെന്നാണ് അദേഹം പറയുന്നത്.
സഹിക്കാന്‍ പറ്റാത്തതിലധികം മോശം അവഹേളനം ഉണ്ടായതോടെയാണ് നടി ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് ഇപ്പോള്‍ സമുദ്രക്കനിയും സൂചിപ്പിക്കുന്നത്. ഹോട്ടലിലെ താമസവും ഭക്ഷണവും മോശമെന്നും വേറെ താമസം ഒരുക്കണമെന്നും പറഞ്ഞ നടിയോടെ ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചാണ് ചിലര്‍ പ്രതികരിച്ചതെന്ന് സംവിധായകന് പറഞ്ഞതോടെ കടുത്ത അവഹേളനമാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. തെറിയഭിഷേകം നടത്തിയാണ് ചിലര്‍ പ്രതികരിച്ചതെന്ന നിലയിലേക്ക് കാര്യങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്യുന്നു.
സമുദ്രക്കനിയുടെ വാക്കുകള്‍: ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി ഹോട്ടലില്‍ താമസസൗകര്യം നിര്‍മാതാക്കള്‍ ഒരുക്കിയിരുന്നു. എന്നാല്‍ ആ ഹോട്ടല്‍ വരലക്ഷമിക്ക് ഇഷ്ടപ്പെടാതിരിക്കുകയും തനിക്ക് സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രൊഡക്ഷന്‍ അസിസ്റ്റന്റുമായി വഴക്കും ഉണ്ടായി. അവര്‍ക്ക് അത് നല്‍കാനാകില്ലെന്ന് നിര്‍ബന്ധം പിടിച്ചതോടെ നടി തന്നെ സ്വയം ചിത്രത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ‘ഇതൊരു ചെറിയ സിനിമയാണ്. അതുകൊണ്ടുതന്നെ ഞാനടക്കമുള്ള എല്ലാ താരങ്ങള്‍ക്കും നിര്‍മാതാവ് ഒരു ഹോട്ടലില്‍ തന്നെയാണ് റൂം ബുക്ക് ചെയ്തത്.
വരലക്ഷമിക്ക് ആ ഹോട്ടല്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രമല്ല അവിടുത്തെ ഭക്ഷണവും നടിക്ക് ബുദ്ധിമുട്ടുണ്ടാക്കി. അതിനെ ചൊല്ലി ചില ബഹളങ്ങളും പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരുമായി ഉണ്ടാകുകയും ചെയ്തു. ആ നിമിഷത്തില്‍ പറയാന്‍ പാടില്ലാത്ത ചില വാക്കുകള്‍ ഉപയോഗിച്ചു. എന്നാല്‍ അതൊന്നും മനഃപൂര്‍വം ആയിരുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് വരലക്ഷ്മി ചിത്രത്തില്‍ നിന്നും പിന്മാറിയത്. എന്നാല്‍ ഈ പ്രശ്നം ഇവിടെകൊണ്ട് തീരണമെന്നും വരലക്ഷമിയുടെ തീരുമാനത്തില്‍ എതിരില്ലെന്നും ഞാന്‍ വ്യക്തമാക്കുകയും ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം ഇരുകൂട്ടരെയും അറിയിച്ചതുമാണ്.