തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. ചില മാധ്യമങ്ങൾ തെറ്റായ കണക്കുകളും വിവരങ്ങളും നിരത്തി വ്യാജപ്രചാരണം നടത്തുകയാണെന്നാണു ഡിജിപിയുടെ കുറ്റപ്പെടുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കുലർ പുറത്തിറക്കി. ദാസ്യപ്പണി ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ഇതിൽ കൃത്യമായ നടപടികൾ തുടങ്ങികഴിഞ്ഞെന്നും അദ്ദേഹം സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
ദാസ്യപ്പണി വിവാദത്തിൽ പരാതിയുമായി ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി മനോജ് ഏബ്രഹാമിന്റെയും നേതൃത്വത്തിൽ ഐപിഎസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
ദേശീയ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ചു വന്ന വാർത്ത സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥർക്കു മാനഹാനിയുണ്ടാക്കിയെന്നും അച്ചടക്കമാണു സേനയിൽ പ്രധാനമെന്നും ഇതു തകർക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും ഉദ്യോഗസ്ഥർ പരാതിപ്പെട്ടു.
സർക്കാർ അച്ചടക്ക നടപടിയിലേക്കു നീങ്ങുന്പോഴും ചില ഉദ്യോഗസ്ഥർ ക്യാന്പ് ഫോളോവർമാരെ ക്യാന്പിലേക്കു മടക്കി അയയ്ക്കാൻ തയാറാകുന്നില്ലെന്നു കാട്ടി ക്യാന്പ് ഫോളോവേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനു പിന്നാലെയാണ് ഐപിഎസുകാർ മുഖ്യമന്ത്രിയെ കണ്ടത്.
ദാസ്യപ്പണി തടഞ്ഞു ഡിജിപി ഉത്തരവിറക്കിയ ശേഷവും തിരുവനന്തപുരം, കണ്ണൂർ, തൃശൂർ, കൊല്ലം ജില്ലകളിൽ ഉന്നത ഉദ്യോഗസ്ഥർ ക്യാംപ് ഫോളോവർമാരെ നിലനിർത്തിയിരിക്കുകയാണെന്നാണു ക്യാന്പ് ഫോളോവേഴ്സ് അസോസിയേഷന്റെ പരാതി.